Apr 9, 2007

സ്രിഷ്ടിയുടെ വേദന

അപ്പുവിനന്നും ഉറങ്ങാന്‍ കഴിഞ്ഞില്ല, ഇതു നാലാമത്തെയ് ദിവസമാണു മര്യാദക്കു ഉറങ്ങിയിട്ട്‌ . രണ്ടു ദിവസം മുന്‍പു അച്ഛന്‍ ചോദിച്ചു "എന്താടാ നിനക്ക് ഉറക്കം ശരിയാവുന്നില്ലേ? വല്ല ഡോക്ടറേയും കാണണോ? രാത്രി മുഴുവന്‍ തിരിഞ്ഞു മറിഞ്ഞു കിടക്കുന്നു. എന്തു പറ്റി? വല്ല അസുഖവുമാണോ?"
"ഇല്ലച്ഛാ, കുഴപ്പമൊന്നുമില്ലാ, അച്ഛനു തൊന്നുന്നതാ!!"
തന്‍റെ ഉറക്കക്കുറവിന്‍റെ കാര്യം ആകെപ്പാടെ പറഞ്ഞത് തെക്കേലേ കുട്ടന്‍റെ അടുത്താണ്‌. അവന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു, "ഇതാടാ മോനേ സ്രിഷ്ടിയുടെ വേദന, സ്രിഷ്ടിയുടെ വേദന എന്നു പറയുന്നതു, വല്യ വല്യ സാഹിത്യകാരന്‍‌മാര്‍ക്കുള്ളതാത്രെ!!"
അവന്‍റെ കളിയാക്കല്‍ മനസ്സിലാകഞ്ഞിട്ടല്ലാ , താനല്ലേ മണ്ട്ന്‍ ഈ അരസികന്‍റെയടുത്ത് ഇക്കാര്യം പറഞ്ഞ തന്നെ തല്ലണം.
നാലു ദിവസംമുന്‍പണ്‌ സ്കൂളില്‍ 'സാഹിത്യപോഷിണി'യുടെ ഉത്ഘാടനം പ്രമാണിച്ച് ഒരു ക്ലാസ്സ്‌ നടന്നത് , "മലയാള സാഹിത്യത്തിന്‍റെ ഉജ്ജ്വല ഭൂതത്തെക്കുറിച്ചും പ്രോജ്ജ്വല ഭാവിയെക്കുറിച്ചും" (എന്താണീ 'പ്രോജ്ജ്വല' ? ആര്‍ക്കറിയാം അന്ന് കേട്ട ചില വാക്കുകളാണ്‌ ). മലയാളം മാഷായ വിജയന്‍ മാഷാണതിന്‍റെ സൂത്രധാരന്‍ ( ' കൊടക്കമ്പി സാര്‍ ' എന്നാണ്‌ കുട്ടന്‍ വിളിക്കുന്നതു, അവന്‍ എന്തെങ്കിലും വിളിക്കട്ടെ, വിവരമില്ലാത്തവന്‍ ) .
വിജയന്‍ മാഷ്‌ തന്നെയായിരുന്നു പ്രധാന പ്രഭാഷണവും . "സാഹിത്യമെന്നത് ക്രത്ര്യമമല്ലാ, പാലാഴി കടഞ്ഞെടുത്ത അമ്രത്‌ പോലെ വിശുദ്ധമാണ്‌, പരിശുദ്ധമാണ്‌ സാഹിത്യം , അനേകായിരം നീറുന്ന മനസ്സുകള്‍ക്ക് സാദ്ധ്വനമേകുന്ന സിദ്ധൗഷധം. ഓരോ സ്രിഷ്ടിയും ജന്മമെടുക്കുന്നതു അതിന്‍റെ സ്രിഷ്ടാവിന്‍റെ മനസ്സിലെ ആത്മ സംഘര്‍ഷര്‍ങ്ങളുടെ ഫലമായുള്ള .................." വിജയന്‍ മാഷിന്‍റെ വാക്കുകള്‍ മനസ്സില്‍ കിടന്നു തികട്ടുമ്പോള്‍ എങ്ങനെ ഉറക്കം വരാന്‍ .
തനിക്കും നടത്തണം സ്രിഷ്ടി, സാഹിത്യ സ്രിഷ്ടി!! തന്‍റെ സാഹിത്യ സ്രിഷ്ടിക്കു ഒരു പുതുമവേണം , തുടക്കം തന്നെ ഗംഭീരമാകണം. കഴിഞ്ഞ വര്‍ഷം എട്ടാം ക്ലാസ്സിലെ ഓണ പരീക്ഷയുടെ പേപ്പര്‍ നോക്കിയിട്ട് സയന്‍സ് ടീച്ചര്‍ (ഭാനുമതി ടീച്ചര്‍) 'പ്രശംസി'ച്ചത്‌ ഇപ്പോളും ഓര്‍ക്കുന്നു, " ഇക്കണക്കിനു പോയാല്‍ നീ വല്യ 'കഥാകാരനാ'കും!!!! " . അതു പറയുക മാത്രമല്ല മാന്യമായി തോല്പ്പിക്കുകയും ചെയ്തു!.
"കിട്ടി !! എനിക്കു കഥ കിട്ടി!!". അങ്ങനെ ഭാനുമതി ടീച്ചറിന്‍റെ 'പ്രവചനം' സത്യമാകാന്‍ പോകുന്നു, താനും സാഹിത്യകാരനാകാന്‍ പോകുന്നു, കഥ യുടെ ഏകദേശരൂപം മനസ്സില്‍ കിടന്നു കറങ്ങുന്നു. ( വിജയന്‍ മാഷിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ സാഹിത്യത്തിന്‍റെ 'ത്രഡ്'. ) ഇനി അതിനെ പാകപ്പെടുത്തിയെടുക്കണം. ഏറ്റവും വ്യത്യസ്തമാകേണ്ടത് തുടക്കമാണ്‌. എങ്ങനെ തുടങ്ങണം?.
കഥയുടെ 'ത്രഡ്' ഇതാണ്‌ :- ഒരു അമ്മ തന്‍റെ മക്കളെയെല്ലം വളര്‍ത്തി വലുതാക്കി, അവസാനം അവരുടെ മരണക്കിടക്കയില്‍ വച്ചു അതുവരെ തിരിഞ്ഞു നോക്കാത്ത മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം ചേര്‍ന്നു കാണിക്കുന്ന സ്നേഹാഭിനയപ്രകടനങ്ങള്‍. തനിക്കതു നന്നായിട്ടെഴുതാനാകും, പക്ഷെ....,പക്ഷെ ഇതു ആവര്‍ത്തനമല്ലേ? ഒരുപാട് കഥകളിലും നോവലുകളിലും സിനിമകളിലും മറ്റും വന്നിട്ടുള്ളത്‌. "സാഹിത്യത്തിന്‍റെ ആശയത്തേക്കാള്‍ മുന്നിട്ടു നില്‍ക്കണ്ടതു അതിന്‍റെ അവതരണത്തിലെ വിഭിന്നതയാകണം, ആശയത്തിലേ ആവര്‍ത്തന വിരസതയെ അവതര‍ണത്തിന്‍റെ സൗന്ദര്യം കൊണ്ട്‌ കീഴ്പ്പെടുത്തണം" വിജയന്‍ മാഷിന്‍റെ പ്രസംഗശകലങ്ങള്‍ കൂട്ടുള്ളപ്പോള്‍ താനെന്തിനു പേടിക്കണം? അപ്പോള്‍ തനിക്ക് വേണ്ടത് വിഭിന്നതയാണ്‌, അതായതു വിഭിന്നമായൊരു തുടക്കം, നേരിട്ട് കഥ പറഞ്ഞു തുടങ്ങാതെ വല്ല കവിതയും മറ്റും ഉദ്ധരിച്ചുകൊണ്ടുള്ള തുടക്കം.പക്ഷെ മരണവീട്ടില്‍ എന്തോന്നു കവിത?!! എന്നാല്‍ മരണവീട്ടില്‍ രാമായണ വായനയാകാം ! അതെ അതു മതി സന്ദര്‍ഭത്തിനു പറ്റിയ തുടക്കം. കഥക്കിടക്കിടെ സന്ദര്‍ഭാനുസരണം ഒരോ സ്ലോകങ്ങള്‍ ഇടുക... രാമായണത്തില്‍ നിന്ന്‌. എല്ലാം ശുഭം. കഥയും കിട്ടി, വ്യത്യസ്തമായ അവതരണവും കിട്ടി, എന്നാലുമുണ്ടൊരു പ്രശ്നം, ഇനി രാമായണത്തിലെ സ്ലോകങ്ങള്‍ക്ക്‌ എവിടെ പോകും? ഒറ്റ വരി പോലും കാണാതറിഞ്ഞു കൂടാ. ആകെ അറിയാവുന്നത് കുറെ കാണ്ഢങ്ങള്‍ ഉണ്ടെന്നാണ്‌, ബാലകാണ്ഢം , കിഷ്ക്കിദ്ധ്യാ കാണ്ഢം, അയോദ്ധ്യാകാണ്ഢം എന്നിങ്ങനെ... അവയുടെ ക്രമം പോലും ഓര്‍മ്മയില്ല. അപ്പോള്‍ കഥ പൂര്‍ത്തിയാക്കാന്‍ തനിക്കു വേണ്ടതു ഒരു രാമായണമാണ്‌. എന്തായാലും തന്‍റെ മനസ്സിലുള്ള കഥ തത്ക്കാലം എഴുതി വെക്കാം, പിന്നെയായാല്‍ മറന്നു പോയാലോ.ആവശ്യമുള്ളിടത്ത് സ്തലമിട്ട് പോകാം , രാമായണം സംഘടിപ്പിച്ചതിനു ശേഷം അതില്‍ നിന്നു സ്ലോകങ്ങള്‍ പകര്‍ത്തിയെഴുതാം. അങ്ങനെ തന്‍റെ ഉറക്കമില്ലാത്ത അഞ്ചാമതു രാത്രിയില്‍ അപ്പു തന്‍റെ കഥയെഴുത്ത് തുടങ്ങി.
തരക്കേടില്ലാ. ഒരഭിമാനമൊക്കെ തോന്നുന്നു, തെല്ലൊരു അഹങ്കാരവും. വിജയന്‍ മാഷ്‌ തന്‍റെ കഥ കാണുമ്പോള്‍ പുറത്ത് തട്ടി അഭിനദ്ധിക്കും, " സാഹിത്യ സ്രിഷ്ടിയുടെ ലക്‌ഷ്യം കേവലം ആസ്വധനം മാത്രമാകരുത്‌, സാമൂഹികാവസ്ഥ്യുടെ പരിശ്ചേദനം കൂടിയാകണം അത് . അപ്പൂ തനിക്കത്‌ സാധിച്ചിരിക്കുന്നു." വിജയന്‍ മാഷ് പറയാന്‍ പോകുന്ന ആ വാക്കുകള്‍ ഓര്‍ത്തിട്ട്‌ ഇപ്പോളേ തനിക്ക്‌ രോമാഞ്ചം കൊള്ളുന്നു. പക്ഷെ ഇതിനിടയില്‍ നില്‍ക്കുന്ന ഒരേ ഒരു കീറാമുട്ടി ഒരു രാമായണമാണ്‌, അതെവിടെ നിന്ന്‌ സംഘടിപ്പിക്കും? പാടത്തിനക്കരയുള്ള മനക്കലെ മുത്തശ്ശിയുടെ കയ്യില്‍ ഒരു രാമായണമുണ്ട്‌, താനത്‌ കണ്ടിട്ടുണ്ട് . കഴിഞ്ഞ മാസമാണെന്ന്‌ തോന്നുന്നു അച്ഛന്‍റെ കൂടെ താനവിടെ ചെന്നപ്പോള്‍ കണ്ടതാണ്‌, വാല്യക്കാരി പെണ്ണിനെ കൊണ്ട്‌ രാമായണം വായിപ്പിച്ചു കേള്‍ക്കുന്നു, രാമായണ മാസമാത്രേ , "കര്‍ക്കിടക മാസത്തെ പഴമക്കാര്‍ അങ്ങനെയാണ്‌ വിളിക്കുന്നത്‌", അച്ഛന്‍ പറഞ്ഞു തന്നിട്ടുള്ളതാണ്‌. രാമായണ വായന കേട്ടുകൊണ്ട്‌ കസേരറ്റയില്‍ ചാരി ഇരിക്കുന്ന മുത്തശ്ശിയേക്കണാന്‍‍ എന്തൊരൈശ്വര്യമായിരുന്നു? മുത്തശ്ശിയൊട്‌ ചോദിച്ചാലോ, രാമായണം തരാന്‍, ചോദിച്ചാല്‍ തരാതിരിക്കില്ല, തന്നെ വല്യ കാര്യമാണവര്‍ക്ക്‌ , തന്‍റെയത്രെം പ്രായമുള്ള കൊച്ചു മക്കള്‍ ഉണ്ട്ത്രെ.പക്ഷെ അവരാരും ഇവിടില്ല, ദൂരെ ദൂരെ സ്ഥലങ്ങളിലാണ്‌, അച്ഛന്‍ പറഞ്ഞതാണ്‌. മുത്തശ്ശിയുടെ കൂടെയുള്ളത് ആ വാല്യക്കാരി പെണ്ണ്‌ മാത്രമാണ്‌.അതുകൊണ്ട്‌ താനും അച്ഛനും ചെല്ലുന്നത്‌ വല്യ കാര്യമാണ്‌ മുത്തശ്ശിക്ക്‌. അപ്പോള്‍ താന്‍ ചോദിച്ചാല്‍ തരാതിരിക്കുമോ?ഇപ്പോള്‍ രാമായണ മാസവുമല്ല. രണ്ട്‌ ദിവസം കഴിഞ്ഞു തിരിച്ചു കൊടുക്കാം. എതായാലും നാളെ മനക്കല്‍ വരെ ഒന്നു പോകാം, അച്ഛനെയും കൂട്ടീ.
പിറ്റേന്നു രാവിലെ അപ്പു ഉണര്‍ന്നത് ഉത്സാഹത്തൊടെയാണ്‌, ഇന്നു തന്‍റെ പൂര്‍ത്തിയായ കഥ പൂര്‍ണ്ണമാകും, വിജയന്‍ മാഷു തന്നെ അഭിനന്ദിക്കും, കുട്ടന്‍ ചമ്മിപ്പോകും, അവനോട്‌ ചോദിക്കണം," കണ്ടോടാ എന്‍റെ വേദന സഹിച്ച സ്രിഷ്ടി ".അവന്‍ ചൂളിപ്പോകും ഉറപ്പ്‌. മനക്കല്‍ എത്തിയപ്പോള്‍ മുന്നില്‍ കാറുകളൊക്കെ പാര്‍ക്ക്‌ ചെയ്തിരിക്കുന്നു.ഓ ..മുത്തശ്ശിയുടെ മക്കളും കൊച്ചുമക്കളും ഒക്കേ വന്നിട്ടുണ്ടെന്നു തോന്നുന്നു.ശേ..മോശം .. അവരുടെ മുന്നില്‍ വെച്ചെങ്ങനെയാ കഥയെഴുതാന്‍ രാമായണം വേണമെന്ന്‌ പറയുന്നത്‌, അല്ലെങ്കില്‍ വേണ്ട, അങ്ങനെ പറയേണ്ട...അമ്മ പറഞ്ഞിട്ടാന്നു പറയാം,, മനയുടെ പടിപ്പുര കഴിഞ്ഞപ്പോള്‍ അപ്പുവിനു മനസ്സിലായി ബന്ധുക്കള്‍ മാത്രമല്ല, നാട്ടുകാരും കൂടിയിട്ടുണ്ടെന്ന്‌.!!!
പലചരക്കു കടക്കാരന്‍ വാസുവണ്ണന്‍ അച്ഛനോട്‌ പിറുപിറുക്കുന്നതു കേട്ടു, " ഭാഗ്യം ചെയ്ത ജന്മമാ , ആരേയും ബുദ്ധിമുട്ടിച്ചില്ലാ, രാവിലെ കാപ്പി കൊടുക്കാന്‍ പോയ വാല്യക്കാരിപ്പെണ്ണാ കണ്ടത്‌.ഇന്നലെ രാത്രിയില്‍ തന്നെ കഴിഞ്ഞെന്നാ ഡോക്ടര്‍ പറഞ്ഞത്‌". അപ്പുവിന്‍റെ കാലുകള്‍ വിറക്കാന്‍ തുടങ്ങി, അപ്പോള്‍ താന്‍ കഥയെഴുതിക്കഴിഞ്ഞപ്പോള്‍...........
അവിടെ നടക്കുന്നതെല്ലാം തന്‍റെ കഥയിലെ ആവര്‍ത്തനമായിത്തോന്നി അപ്പുവിന്‌, ദുഃഖ പ്രകടനങ്ങള്‍ , പ്രഹസനങ്ങള്‍...തന്‍റെ കഥയിലെ കഥാപാത്രങ്ങള്‍ ജീവന്‍ വെച്ചു നടനമാടുകയാണെന്നു തോന്നീ അപ്പുവിന്‌..അതിനെല്ലാം പുറമെ പാശ്ചാത്തലത്തിലുള്ള ആ രാമായണം വായന..........അപ്പു അവിടെ നിന്നും വീട്ടിലേക്കോടി.
തന്‍റെ മുറിയിലെത്തിയ അപ്പു , കഥയെഴുതിയ കടലാസ്സു കഷണങ്ങള്‍ എടുത്തു, ആ കേട്ട രാമായണത്തിലെ വരികള്‍ , അവ കഥയില്‍ എഴിതിച്ചേര്‍ത്തു... ഇപ്പോള്‍ അതു പൂര്‍ണ്ണമാണ്‌ അക്ഷരാര്‍ത്ഥത്തില്‍ .. ഇനി ഒന്നു കൂടിയുണ്ട്‌ ബാക്കി, ചുരുട്ടിക്കൂട്ടിയ 'സാഹിത്യ സ്രിഷ്ടിയു'മായി അവന്‍ അടുക്കളയിലേക്കു നടന്നു... അടുക്കളയിലെ എരിയുന്ന അടുപ്പില്‍ തന്‍റെ സ്രിഷ്ടിയെ അഗ്നിനാളങ്ങള്‍ പുല്‍കുന്നതും നോക്കി അവന്‍ നിന്നു..നിസ്സംഗനായി...
അന്ന്‌ രാത്രി അപ്പു ഒന്ന്‌ തീരമാനിച്ചു, ഇനി ഞാന്‍ കഥയെഴുതില്ല....അങ്ങനെ ആറാമതു രാത്രി അപ്പു ഉറങ്ങി, സുഖമായി, സ്രിഷ്ടിയുടെ വേദനകള്‍ ഇറക്കിവെച്ച്‌........