Jan 13, 2009

പൂജ്യനില് നിന്ന് പൂജനീയനിലേക്ക്...തിരിച്ചും ... (രാഷ്ട്രീയ കാലാവസ്ഥ -2 )

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ക്രിത്യമായി പറഞ്ഞാല്‍ പതിനെട്ട്‌ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ പപ്പന്‍ സ്വത്തു തര്‍ക്കത്തില്‍ തന്‍റെ അമ്മാവനുമായിട്ടുള്ള വഴക്ക്‌ ആരംഭിക്കുന്നത്‌. ആ കലഹത്തില്‍ , സ്വാഭാവികമായും മെമ്പര്‍ക്കു മേല്‍ക്കൊയ്മയുള്ള പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയുടെ തീരുമാനം പപ്പനു എതിരായിരുന്നു.പാര്‍ട്ടിയുടെ പ്രതിച്ഛായ കാത്തു സൂക്ഷിക്കാന്‍ വേണ്ടി എന്തൊക്കെ വസ്തുതകളുണ്ടെങ്കിലും, ന്യായം ആരുടെ ഭാഗത്താണെങ്കിലും, പാര്‍ട്ടിയുടെ കുടയത്തൂരിലെ പൊന്നോമന പുത്രനായ മെമ്പര്‍ക്കെതിരെ കേസ് കൊടുക്കരുതെന്ന്‌ പാര്‍ട്ടി പപ്പനെ വിലക്കി. എന്നാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നന്നാക്കാന്‍ നോക്കിയാല്‍ തനിക്കു ചായ കുടിക്കാനുള്ള 'വഹ' കൂടി നഷ്ടപ്പെടുമെന്ന്‌ എതിര്‍ പ്രസ്താവനയിറക്കി പപ്പന്‍ , മെമ്പര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍ ചായയോ ദിനേശ് ബീഡിയോ അല്ല ഒരു സഖാവിനു വേണ്ടത്‌ പാര്‍ട്ടിയുടെ പ്രതിച്ഛായ കാത്തു സൂക്ഷിക്കാനുള്ള ആത്മാര്‍ത്ഥതയാണെന്നു പറഞ്ഞ്‌ പാര്‍ട്ടി പപ്പനെ പുറത്താക്കി.



പാര്‍ട്ടിക്കു പുറത്തായെങ്കിലും സാമൂഹിക സേവനത്തിനു വേണ്ടിയുള്ള 'ഉള്‍‌വിളിയാല്‍' ഏറെ നാള്‍ നിഷ്ക്രിയനായിരിക്കാന്‍ പപ്പനു കഴിഞ്ഞില്ല. നോട്ടീസടിക്കാന്‍ വിഷയമില്ലാതിരുന്ന സംഘപരിവാറുകാര്‍ക്ക്‌ മെമ്പറുടേ അഴിമതിയുടെ കഥകള്‍ ചോര്‍ത്തിക്കൊടുത്തതും എന്തിനു പഞ്ചായത്തു പടിയില്‍ നിരാഹര സമരമിരുന്നതും ഈ ഉള്‍‌വിളിയുടെ ഫലമാണെന്ന്‌ പപ്പന്‍ പറയും. എന്തായാലും ഇതൊക്കെ കഴിഞ്ഞതോടെ പരിവാരുകാര്‍ക്ക്‌ പപ്പനോടുള്ള സമീപനത്തില്‍ മാറ്റം വന്നു തുടങ്ങി. 'ശത്രുവിന്‍റെ ശത്രു മിത്രം' എന്ന തത്വം അക്ഷരാര്‍ത്ഥത്തില്‍ അവരങ്ങേറ്റടെത്തു എന്നു സാരം. നുഴഞ്ഞു കയറ്റത്തില്‍ പാകിസ്ഥാന്‍ പോലും തന്‍റെ പിന്നിലെ വരൂ എന്നു തെളിയുക്കുന്ന വിധം , കിട്ടിയ സന്ദര്‍ഭം കൈവിടാതെ പപ്പന്‍ 'പരിവാര്‍ കുടുംബത്തിന്‍റെ' ഉന്നത ശ്രേണിയിലേക്കു കയറിപ്പറ്റി. എങ്കിലും ശരിക്കും സംഘപരിവാര പിള്ള വിഭാഗത്തിന്‍റെ ഒരനിഷേധ്യ നേതാവായി മാറിയത്‌ പിന്നെയും ഒന്നന്നൊര വര്‍ഷം കഴിഞ്ഞാണ്‌. അതായത്‌ കുടയത്തൂരിനെ ഞെട്ടിച്ചു കൊണ്ട്‌ അയോധ്യയിലെ കര്‍സേവയില്‍ പങ്കെടുക്കാന്‍ പപ്പന്‍ തീരുമാനിച്ചതിനു ശേഷം!


കുടയത്തൂര്‍ എന്നും ശാന്തമാണ്‌. അക്കര പള്ളിയിലെ പെരുന്നാളിനോ അയ്യപ്പന്‍ കാവിലെ ഉത്സവത്തിനോ ഒന്നോ രണ്ടോ ദിവസം അതിനു മാറ്റമൂണ്ടായാലായി.അല്ലെങ്കില്‍ എന്നും ശാന്ത സുന്ദരമാണ്‌ കുടയത്തൂര്. ഞായറാഴ്ചകളില്‍ കുടയത്തൂരിനെ ഒന്നു ഉഷാറാക്കാന്‍ കെല്പുള്ളതായിരുന്നു ബൈജുവേട്ടന്‍റെയും ഗോപിപ്പിള്ളയുടെയും കൂട്ടരുടെയും പ്രകടനങ്ങള്‍ . ബൈജുവേട്ടനെക്കുറിച്ചു ഞാന്‍ പറഞ്ഞു കഴിഞ്ഞു. പിന്നെയുള്ളത് മൂന്നാം വാര്‍ഡിലെ അന്ന ദാതാവായ ഗോപിപ്പിള്ളയാണ്‌. അദ്ദേഹമാണ്‌ മൂന്നാം വാര്‍ഡിന്‍റെ സിരാകേന്ദ്രമായ 'സിഗ്മാ ജംഗ്ഷനി'ല്‍ ഉള്ള റേഷന്‍ കടയുടെ ഉടമ. പറഞ്ഞു വന്നത്‌ ഇവരുടെ ഞായറാഴ്ച പ്രകടനങ്ങള്‍ അവിടുനത്തെ ശാന്തതയെ ഭഗ്ഗിക്കുകയല്ല, മറിച്ച്‌ "കുടയത്തൂരിന്‍റെ ഒരതിരു കാക്കുന്ന കുടയത്തൂര്‍ വിന്ദ്യനിലെ വനത്തില്‍ നിന്നും ഇടക്കിടെ പറന്നു വരുന്ന ക്രിഷ്ണപ്പരുന്തിനേപ്പോലെ" " മൂലമറ്റത്തെ പവ്വര്‍ ഹൗസില്‍ നീന്നും വരുന്ന വേള്ളം സ്രേതസ്സായുള്ള തൊടുപുഴ ആറ്റിലെ(കുടയ്ത്തൂരിന്‍റെ മറ്റേ അതിരു കാക്കുന്ന ) ഓളങ്ങള്‍ക്കിടയിലൂടെ ഇടക്കൈടെ തലപൊക്കി നോക്കുന്ന നീര്‍ക്കോലികളെ പ്പോലെ" കുടയത്തൂരിലെ പ്രക്രുതിയുടെ ഭാഗമായി മാറുകയാണു ചെയ്തത്. യഥാര്‌ത്ഥത്തില്‍ ആ ശാന്തതക്ക്‌ ശരിക്കും ഭംഗമേറ്റത്‌ ഒരിക്കല്‍ മാത്രമാണ്‌, ഭാരതത്തന്‍റെ നിഷ്കളങ്കതക്ക്‌ ക്ഷതമേറ്റ അതേ സമയത്ത്‌!! അയോധ്യയില്‍ കര്‍സേവ നടന്ന സമയത്ത്‌!!!!


പോലീസ്‌ മൂന്നാം വാര്‍ഡിലും കുടയത്തൂരിലും സദാ റോന്തു ചുറ്റുന്ന സമയം. കര്‍സേവയില്‍ പങ്കെടുക്കുന്നതില്‍ നിന്നു പ്രവര്‍ത്തകരെ തടയുന്നതിന്‌ വേണ്ടി നടത്തിയ കരുതല്‍ അറസ്റ്റില്‍ ഒരുമാതിരിയുള്ള തലമൂത്ത സംഘപ്രവര്‍ത്തകരെല്ലാം പോലീസു കസ്റ്റഡിയില്‍ ആയി.ശേഷിക്കുന്നത് പപ്പനടക്കം ചില 'പിള്ള പരിവാരങ്ങള്‍'. ഇവരയൊന്നും പോലീസ്‌ വെറുതെ വിട്ടതോ മറ്ന്നു പോയതോ അല്ല, 'നമ്മുടെ കൂട്ടത്തിലുള്ള പിള്ളേരെ പോലീസിനേക്കൊണ്ടു പിടിപ്പിച്ച്‌ ഇടികൊള്ളിക്കേണ്ട' എന്നുള്ള ശക്തമായ ഒരു പിള്ള വികാരം പടര്‍ന്നതു കൊണ്ട്‌ , കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരുമായ പിള്ളേച്ചന്മാരും പിള്ളവാമങ്ങളും അവരുടെ വീടിന്‍റെ തട്ടിന്‍പുറങ്ങളോ, അറപ്പുരകളോ താത്ക്കാലിക അഭയസ്ഥാന മായി നല്‍കിയതിനാല്‍ മാത്രം പപ്പനും കൂട്ടരും പിടി കൊടുക്കാതെ കുറച്ചു നാള്‍ നടന്നു. ഒരു മാതിരിയുള്ള പിള്ളവീടുകളിലെല്ലാം തട്ടിന്‍ പുറങ്ങളോടു കൂടിയതാണ്‌. അതായത്‌ 'അറയും നിരയും' സ്റ്റൈലിലുള്ള വീടുകളാണധികവും. തടി കൊണ്ടു നിര്‍മ്മിച്ചിരിക്കുന ഭിത്തികള്‍, തട്ടിന്‍പുറം, ചിത്രപ്പടികള്‍ ചെയ്ത വാതിലുകള്‍, മൂന്നും നാലും വാതിലുകളും ജനലുകളുമുള്ള റൂമുകള്‍ ( അടുക്കളകൂടാതെ അത്തരത്തിലുള്ള ഒരു നാലഞ്ചു മുറികളെങ്കിലും കാണും ഓരോ വീടിനും), പൂജാമുറി, അറകള്‍ ( നെല്ല്‌, അരി എന്നിവ നിറച്ചു വെച്ചിരുന്നിരുന്നതിവിടെയാണ്‌, ഇതിനകത്തേക്ക്‌ ശുദ്ധവായു കയറില്ല, ധാന്യം കേടാകാതെയിരിക്കാനാണ്‌ ഇത്തരത്തിലുള്ള സെറ്റപ്പ്‌) ഇതൊക്കെയാണ്‌ അത്തരത്തിലുള്ള വീടിന്‍റെ പ്രത്യേകതകള്‍.


ഇങ്ങനെയുള്ള ഏതോ ഒരു വീട്ടിലേ അറക്കക്കത്തിരുന്ന്‌ ശ്വാസം മൂട്ടുമ്പോളായിരിക്കണം പപ്പനു ബേധോദയമുണ്ടായത്‌. 'ഏന്തു കൊണ്ട്‌ തനിക്കു പോയിക്കൂടാ അയോധ്യക്ക്‌? ' എന്തായാലും വാര്‍ത്തയറിഞ്ഞ്‌ മൂന്നാം വാര്‍ഡ്‌ ഞെട്ടി, കുടയത്തൂരും ഞെട്ടി, എന്തിനു ഇടുക്കി ജില്ല വരെ ഞെട്ടി.അത്യാവശ്യം ചില അറസ്റ്റുകളൊക്കെ നട്ത്തി പോലീസും ശാന്തമായിരിക്കുന്ന സമയം നോക്കി പപ്പന്‍ തന്‍റെ യാത്രയുടെ ഡേറ്റ്‌ നിശ്ചയിച്ചു . അങ്ങനെ മിസ്റ്റര്‍ പപ്പന്‍റെ അയോധ്യാ യാത്ര കെങ്കേമമായി കൊണ്ടാടി,. തങ്ങളുടെ പുണ്യഭൂമി സം‌രക്ഷിക്കാന്‍ പോകുന്ന വീരനായകനു വേണ്ടി പെണ്‍കിടാങ്ങള്‍ താല്പ്പൊലിയേന്തി യാത്രയയപ്പു നല്‍കി, അമ്മൂമ്മമാര്‍ വല്യ വായിലെ കൊരവയിട്ടു, കിടാങ്ങള്‍ പടക്കം പൊട്ടിച്ചു, യുവാക്കള്‍ തങ്ങള്‍ പിരിച്ചെടുത്ത ആയിരക്കണക്കിനു രൂപ പപ്പന്‍റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു.മനസ്സില്ലാ മനസ്സോടെ പപ്പന്‍ ആ പണമെല്ലാം സ്വീകരിച്ചു, "നിങ്ങളുടെ പണമല്ലാ, സ്നേഹമാണെന്‍റെ ശക്തി ....." എന്ന പ്രഖ്യാപത്തോടെ. അവസാനം വണ്ടിയില്‍ കയറാന്‍ നേരം പപ്പന്‍ തിരിഞ്ഞു നേക്കി, തന്നെ തെറി വിളിച്ചിരുന്ന നാവു കൊണ്ട്‌ ജയ്‌ വിളിക്കുന്ന യുവാക്കള്‍, പ്രാകിയിരുന്ന നാവു കോണ്ടു അനുഗ്രഹിക്കുന്ന അമ്മൂമ്മമാര്‍,. പുച്ഛിച്ചു തള്ളിയിരുന്ന പെണ്‍കിടാങ്ങളുടേ മുഖത്ത്‌ ഒരാരാധന ഭാവം. അഭിമാനം കൊണ്ടു പപ്പന്‍റെ ഉള്ളു നിറഞ്ഞു, അതു നിറഞ്ഞു കവിഞ്ഞു രണ്ടു തുള്ളി കണ്ണു നീരായി കുടയത്തൂരിന്‍റെ മണ്ണിനെ പൂളകമണിയിച്ചു.അതോടെ ജയ്‌ വിളികള്‍ ഉച്ചസ്ഥായിയിലായി. അകന്നു പോകുന്ന പപ്പന്‍റെ വണ്ടി കാണാമറയത്തു മറ്യുന്നതു വരെ ജനം അവിടെത്തന്നെ നിന്നു ജയ് വിളി തുടര്‍ന്നു, പിന്നെ അതിന്‍റെ ഘനം കുറഞ്ഞു കുറഞ്ഞു ഒടുവില്‍ കെട്ടടങ്ങി.


അന്നുമുതല്‍ മൂന്നാം വാര്‍ഡിലെ ആളുകളുടെ പൊതു വിജ്ഞാനം കൂടാന്‍ തുടങ്ങി, കാരണം പത്രം വായിക്കാത്തവര്‍ പോലും അരിച്ചു പറക്കി പത്രം വായിക്കാന്‍ തുടങ്ങി, എവിടെയെങ്കിലും തങ്ങളുടെ പപ്പന്‍റെ പേരു വന്നിട്ടുണ്ടോ എന്നു നോക്കാന്‍ . മമ്മദേട്ടന്‍റെ ചായക്കടയിലെ റേഡിയോ ഫുള്‍ ഓളിയത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. റേഡിയയുടെ സൗണ്ട്‌ കേല്‍ക്കുമ്പോഴേ തെറിയുമായി വന്നിരുന്ന ഗോപിപ്പിള്ള പോലും ന്യൂസിന്‍റെ സമയമാകുമ്പോള്‍ കടയില്‍ കയറി വന്ന്‌ ഒരു കാലിച്ചായ ഓഡര്‍ ചെയ്ത്‌ "നമ്മുടെ പപ്പനേക്കുറിച്ചൊരു വിവരേമില്ലേ മമ്മദേ?" എന്നു വരെ ചോദിക്കാന്‍ തുടങ്ങി. ഗോപിപ്പിള്ളയുടെ റേഷന്‍ കടയും മമ്മദിന്‍റെ ചായക്കടയും ഇരിക്കുന്നത്‌ ഒറ്റക്കെട്ടിടത്തിന്‍റെ തൊട്ടടുത്ത മുറികളിലായതിനാലും ആ കെട്ടിടത്തിന്‍റെ ഉടമ മേല്പറഞ്ഞ ഗോപിപ്പിള്ളയായതിനാലും സര്‍‌വ്വോപരി മമ്മദു ചേട്ടന്‍ ക്രിത്യമായി വാടക കൊടുക്കാന്‍ സദാ വിമുഖനായതിനാലും ഗോപിപ്പിള്ള മമ്മദു ചേട്ടനെ എന്തിനും ഏതിനും തെറിവിളിക്കുന്നത്‌ ഒരു സാദാരണ സംഭവമായിരുന്നു.

അങ്ങനെ പപ്പന്‍റെ വിഖ്യാതമായ യാത്ര കഴിഞ്ഞിട്ട്‌ കുറച്ചു ദിവസം കഴിഞ്ഞു, ആളുകള്‍ പതുക്കെപ്പതുക്കെ അതിനേക്കുറിച്ചു മറന്നു തുടങ്ങി. അങ്ങനെയിരിക്കെ പത്ര ഏജന്‍സിയുടെ എന്തോ ആവശ്യത്തിനു എറണാകുളത്തിനു പോയി വന്ന പത്രമുണ്ണി വന്നത്‌ ഞെട്ടിക്കുന്ന ഒരു ന്യൂസുമായിട്ടാണ്‌. 'പത്രം ഉണ്ണി' പത്ര പ്രവര്‍ത്തകനൊന്നുമല്ല, എന്തിനു പത്താം ക്ലാസ്സു പോലും കണ്ടിട്ടില്ല, എന്നാലും രാഷ്ട്രീയ വിശകലനത്തില്‍ ഉണ്ണിയുടെ ഏഴയലത്തു വരാന്‍ പോലും ഏതു കൊടി കെട്ടിയ പത്രപ്രവര്‍ത്തകനും കഴിയില്ല.അദ്ദേഹത്തിന്‍റെ പ്രഥാന തൊഴില്‍ പത്ര വിതരണമാണ്, രാവിലെ ഏഴു മണിക്ക് മുന്‍പ്‌ തന്റെ മുഖ്യ തൊഴില്‍ നിര്‍ത്തുന്ന ഉണ്ണി, അതിനു ശേഷം സാമൂഹിക സേവനമായി അന്വേഷണാത്മക പത്രപ്രവര്‍ത്തനമെന്ന ലോക്കല്‍ ന്യൂസു പിടുത്തം,അതിന്റെ വിശകലനം വിതരണം എന്നിങ്ങനെയുള്ള തൊഴിലുകളിലേക്കു കടക്കും.


ഉണ്ണി എറണാകുളത്തു താന്‍ താമസിച്ച അപ്സര ലോഡ്ജില്‍ വെച്ച്‌ നമ്മുടെ പപ്പനെ അല്ല പപ്പനേപ്പോലിരിക്കുന്ന ഒരാളേ കണ്ടു വത്രേ. 'എടാ പപ്പാ......' എന്നു വിളിച്ചപ്പോള്‍ തരിഞ്ഞു നോക്കിയ പ്രസ്തുത വ്യക്തി ഞാന്‍ പപ്പനല്ല പാലാക്കാരന്‍ വര്‍ഗ്ഗീസാണെന്നു പറഞ്ഞു മുങ്ങിയത്രേ .. എന്തായാലും ഈ വാര്‍ത്തക്ക്‌ വമ്പിച്ച പ്രാധാന്യം കൊടുക്കാന്‍ മെംമ്പറും കൂട്ടരും 'ക്ഷ' 'ഞ്ഞ' 'ണ്ണ' വരച്ചു ശ്രമിച്ചെങ്കിലും തങ്ങളുടെ വീരനായകനെ കരിവാരിക്കാണിക്കാന്‍ ഇഷ്ടമില്ലാത്ത അനുയായികള്‍ 'ഒരാളേപ്പോലെ ഈ ലോകത്തില്‍ ഏഴു പേരുണ്ടെന്ന പൊതു തത്ത്വത്തില്‍' വിശ്വസിച്ചും എന്നാല്‍ പപ്പന്‍റെ മേല്‍ക്ക്‌ ഇച്ചിരി കരി വീണാലും തങ്ങള്‍ പിന്തുണക്കുന്ന പ്രസ്ഥാനത്തിന്‍റെ മേത്ത്‌ കരി വീഴരതെന്നാഗ്രഹിക്കുന്നവര്‍ പപ്പന്‍റെ അപ്പന്‍ കുറച്ചു നാള്‍ പാലായില്‍ പോയി നിന്നിരുന്നെന്നും അവിടെയുള്ള ഒരവിഹിതത്തില്‍ നിന്നും ഉണ്ടായതാകാം പപ്പനേപ്പോലിരിക്കുന്ന 'വര്‍ഗ്ഗീസ്‌' എന്നു പേരുള്ള പ്രസ്തുത വ്യക്തിയെന്നും മറ്റുമുള്ള കഥകള്‍ പ്രചരിപ്പിച്ചും നിര്വ്രതിയടഞ്ഞു.





മൂന്നാം വാര്‍ഡിലെ രാഷ്ട്രീയ കാലാവസ്ഥ - 1

'ബൈജുവേട്ടന്‍റെ ദാമ്പത്യ'വും പൊക്കന്‍ പിള്ളയും