Nov 24, 2008

അതിനൂതനഭീകരാധുനിക കവിതയുടെ ജന്മം

രാജുമോനെന്നോടു ഒരിക്കല്‍ പറഞ്ഞു നൂതനഭീകരാധുനികകവിതയെക്കുറിച്ച്‌ , അന്നു മുതല്‍ അതറിയുവാനുള്ള ആഗ്രഹത്തില്‍ അലയുകയായിരുന്നു ഞാന്‍..അങ്ങനെ ഞാന്‍ ചെന്നു പെട്ടത് ഒരു പഴയ സിംഹത്തിന്‍റെ മടയിലാണ്‌, 'അലവലാതി' എന്ന അപരനാമധേയത്തില്‍ ബ്ലോഗുകളെഴുതുന്ന അലവലാതി ഷാജിയുടെ 'നോക്കിയിരുന്നോ... ഇപ്പോള്‍ കിട്ടും...' എന്ന ബ്ലോഗില്‍..അവിടെ വെച്ചു ഞാന്‍ മന്‍സ്സിലാക്കി ആധുനിക കവിതയെന്ന മഹാ സാഗരത്തിന്‍റെ മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരു കൊച്ചു കുട്ടിയാണ്‌ ഞാനെന്ന്‌...പത്ത്‌ പേരെ ഹടാതാകര്‍ഷിക്കാന്‍ കഴിയുന്ന 'ഗള്‍ഫു നേഴ്സുമാരുടെ തുണ്ടു കഥകള്‍' എന്ന എന്‍റെ വളര്‍ന്നു വരുന്ന സാമൂഹിക പ്രതിബന്ധതയുള്ള കൊച്ചു പുസ്തക ബ്ലോഗ്‌ ഷാജിയുടെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ചു.വായിച്ചു കഴിഞ്ഞതും ഷാജി ഫ്ലാറ്റ്‌. നൂറ്റമ്പത്‌ കമന്റിട്ട്‌ അനുഗ്രഹിച്ച ശേഷം ആധുനിക കവിതയുടെ അതിഭീകരമായ അന്തസത്തയെ ചുരുക്കം ചിലവാക്കുകളില്‍ ഒതുക്കിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു..."പ്രിയ ശിഷ്യാ... നിന്നെ എന്‍റെ ശിഷ്യനായി ലഭിച്ചത്‌ എന്‍റെ ഭാഗ്യം..നിനക്ക്‌ പുതുതായി പറഞ്ഞു തരാന്‍ എന്‍റെ കയ്യില്‍ ഒന്നുമവശേഷിക്കുന്നില്ല...എങ്കിലും ഒന്നു നീ മനസ്സിലാക്കുക ആധുനിക കവിത നിന്‍റെ കണ്മുന്നില്‍ തന്നെയുണ്ട്‌... നീ അതു തിരിച്ചറിഞ്ഞ്‌ യഥാവിധി അവതരിപ്പിക്കുക...എന്‍റെ പ്രമുഖന്മാരായ പല ശിഷ്യന്മാരും പ്രസിദ്ധരായതങ്ങനെയാണ്‌...കണ്ണു തുറന്നു വീക്ഷിക്കുക...ആധുനികകവിത നിന്‍റെ കന്മുന്നില്‍ തന്നെയുണ്ടാകും..." അന്നു രാത്രി ഞാന്‍ ഉറങ്ങാതിരുന്നു... നിശ്ചയ ദാര്‍ഡ്യത്തോടെ ഞാന്‍ കണ്ണു തുറന്നു.... അങ്ങനെ എന്‍റെ ആദ്യത്തെ ആധുനിക കവിത രൂപം കൊണ്ടു....


പ്രിയപ്പെട്ട പാറ്റ

എന്‍റെ വീടിന്‍റെ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസുന്ന പാറ്റേ.......

എന്‍റെ വാടക വീടിന്‍റെ ഇരുളടഞ്ഞ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസിയിരുന്ന പാറ്റേ......

അലോസരപ്പെടുത്തുന്നു നിന്‍ സാന്നിദ്ധ്യമെന്‍ മനോ വിചാര മണ്‍കുടത്തെ......

അറിയുക... നീയറിയുക...നിന്‍ ചിറകുകളുടെ 'ഫട് ഫട്' ശബ്ദമെന്നെ നയിക്കുന്നു....

മനാന്തതയുടെ ഉരുണ്ട കറുത്ത ലോകത്തിലേക്ക്‌.........................


നോക്കുന്നിടത്തെല്ലാം നിന്‍റെ സാന്നിദ്ധ്യമുണ്ടെന്ന സത്യം...ഞാനറിയുന്നു പാറ്റേ.....‍

എന്‍റെ വീടിന്‍റെ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസുന്ന പാറ്റേ.......

പ്രഭാതത്തിലെ മരം കോച്ചുന്ന തണുപ്പില്‍ എന്‍റെ ബഡ് ഷീറ്റിനിടയിലും

പല്ലു തേക്കുന്ന സമയത്ത്‌ വാഷ്‌ ബേസിലും....പിന്നതിനു ശേഷം ടോയ്‌ലറ്റിലും......

എന്തിനു ഞാന്‍ സ്വാദോടെയിഡലി കഴിക്കുന്ന എന്‍റെ ഡൈനിങ്ങ്‌ ടേബിളിലും......

നോക്കുന്നിടത്തെല്ലാം നിന്‍റെസാന്നിദ്ധ്യമുണ്ടെന്ന സത്യം...ഞാനറിയുന്നു പാറ്റേ.....

എന്‍റെ വീടിന്‍റെ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസുന്ന പാറ്റേ.......

ആഗോള ഭീമനാമെന്‍ ‍അന്ന ദാതാവ്‌ അമേരിക്ക തന്‍ സാമ്പത്തിക മാദ്ധ്യത്താല്‍ ....

വെറുതേയിരുന്നു..ബ്ലോഗെഴുതുന്ന എന്‍ ഡെസ്ക്‌ ടോപ്പിനരുകിലെ നിന്‍ സാന്നിദ്ധ്യം......

സത്യത്തിലെന്നെ ഞെട്ടിച്ചു കളഞ്ഞൂ...പാറ്റേ...എന്‍ പ്രിയ പാറ്റേ.......

എന്‍റെ വീടിന്‍റെ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസുന്ന പാറ്റേ.......

സൂക്ഷിക്ക നീ ...തീരുമാനിച്ചു കഴിഞു ഞാന്‍ .......എന്‍ വീടിന്നരുകിലെ മാര്‍ജിന്‍ ഫ്രീ ഷോപ്പിലെ...

വെളുത്ത കണ്ണാടിക്കൂടിനുള്ളിലിരിക്കും.....മോര്‍ട്ടിന്‍ കമ്പനിയുടെ .........

'കോക്ക്‌റോച്ച്‌ കില്ലറെ'ന്നെ നോക്കിച്ചിരിക്കുന്നു പാറ്റേ.....സൂക്ഷിക്ക നീ......പാറ്റേ

എന്‍റെ വീടിന്‍റെ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസുന്ന പാറ്റേ.......





അങ്ങനെ ഞാന്‍ എന്‍റെ ആദ്യത്തെ ആധുനിക ഭീകര നൂതന കവിത പബ്ലിഷ്‌ ചെയ്തു. അതിനു കിട്ടിയ റെസ്പോണ്‍സ്‌ .അതിലും ഭീകരമായിരുന്നു..... അവയില്‍ പ്രസക്തങ്ങളായ ഏതാനും ചില കമന്‍റുകള്‍ ചുവടെ ക്കോടുക്കുന്നു....



അലവലാതി writes.......
പ്രിയപ്പെട്ട ശിഷ്യാ... ഞാന്‍ നിന്നില്‍ അഭിമാനം കൊള്ളുന്നു... എന്താണിത്‌ ? നിന്നിന്‍ ഞാന്‍ എന്നെത്തന്നെ കാണുന്നു....ആധുനിക കവികളുടെ നെറുകന്തലയിലെ കറുത്ത തലമുടി ചാലിച്ചെടുത്ത വെളുത്ത് മുത്താണു നീ..


സ്ത്രീ@പുരുഷന്‍ writes....
പ്രിയപ്പെട്ട കഥാകാരാ... നാള്‍ക്കു നാള്‍ നിങളുടെ സ്വര്‍ഗ്ഗ ശേഷി (? ഓ..സര്‍ഗ്ഗ എന്നായിരിക്കും ഉദ്ദേശിച്ചേ....) വര്‍ദ്ദിച്ചു കൊണ്ടിരിക്കുന്നു.... എന്താണിതിന്‍റെ രഹസ്യം? എനിക്കു നിങ്ങളോടു അസൂയ തോന്നുന്നു.....


എംഡി @ കേരള writes......
ഞാന്‍ എന്‍റെ തൂലികാനാമം നിനക്കു തരുന്നു.... നീയാണതിന്‌ അനുയോജ്യന്‍....സത്യം...
എനിക്കേറ്റവും ഇഷ്ട്പ്പെട്ടത്‌...
"ആഗോള ഭീമനാമെന്‍ ‍അന്ന ദാതാവ്‌ അമേരിക്ക തന്‍ സാമ്പത്തിക മാദ്ധ്യത്താല്‍ ....
വെറുതേയിരുന്നു..ബ്ലോഗെഴുതുന്ന എന്‍ ഡെസ്ക്‌ ടോപ്പിനരുകിലെ നിന്‍ സാന്നിദ്ധ്യം......"
എന്ന ഭാഗമാണ്‌...വൗ....വൗ....സൂപ്പര്......എനിക്കെന്തു പറയണമെന്നറിയില്ല.....




പടം വര‍ക്കാരന്‍
writes....
പ്രിയപെട്ട കഥാകാരാ....നല്ല കമന്‍റുകളുടെ മലവെള്ളപ്പച്ചിലില്‍ വെളുക്കെച്ചിരിച്ചുകൊണ്ടിരിക്കുകയാണല്ലേ....കൊള്ളാം....നടക്കട്ടേ....എങ്കിലും മറ്റാര്‍ക്കും മനസ്സിലാകാത്ത കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ചിലര്‍ ഇവിടെയുണ്ടെന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി മാത്രം ഞാന്‍ ഈ കമന്റിടുന്നു....നിങ്ങളുടേ സവര്‍ണ്ണ സാഹിത്യം ആര്‍ക്കും മനസ്സിലാകില്ലെന്നു കരുതിയോ?....സത്യത്തില്‍ നിങ്ങളി എഴുതിക്കൂട്ടിയത്‌ അവര്‍ണ്ണരെ അധിക്ഷേപിക്കുന്ന നായര്‍ സാഹിത്യത്തിന്‍റെ സവര്‍ണ്ണ ഗീതികളല്ലേ?? പാറ്റ എന്നെഴുതിയത്‌ അവര്‍ണ്ണരെ ഉദ്ദേശിച്ചാണെന്നറിയാന്‍ എനിക്കു പടം വരക്കാരനാകേണ്ട ആവശ്യമൊന്നുമില്ല.... എല്ലായിടത്തും ഞങ്ങളെ കണ്ടു മടുത്ത നീ കോക്ക്റോച്ച്‌ കില്ലര്‍ എന്നുപമിച്ചത്‌ എന്തിനോടാണെന്ന്‌ എന്നിക്കിതു വരെ മനസ്സിലായിട്ടില്ല... ഉടനെ ഞാനതു മനസ്സിലാക്കും....ഞാനെത്ര പറഞ്ഞാലും താങ്കളും താങ്കളുടെ ഗ്രൂപ്പില്‍ പെട്ട മറ്റലവലാതികളൂം ഇതൊക്കെത്തന്നെ തുടരുമെന്നറിയാം...എന്തായാലും താങ്കളിലെ സവര്‍ണ്ണസാഹിത്യകാരന്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു......

Nov 17, 2008

മൂന്നാം വാര്‍ഡിലെ രാഷ്ട്രീയ കാലാവസ്ഥ - 1

മൂന്നാം വാര്‍ഡിരിക്കുന്നതു കുടയത്തൂര്‍ പഞ്ചായത്തിലും കുടയത്തൂര്‍ പഞ്ചായത്തിരിക്കുന്നത്‌ തൊടുപുഴ താലൂക്കിലും തൊടുപുഴ താലൂക്കിരിക്കുന്നത്‌ ഇടുക്കി ജില്ലയിലും ഇടുക്കി ജില്ല കേരളത്തിലും ആകയാല്‍ കേര‍ളത്തിന്‍റെ പൊതുവായ രാഷ്ട്രീയ കാലാവസ്ഥ തന്നെയായിരുന്നു മൂന്നാം വാര്‍ഡിലെ പിള്ളമാര്‍ക്കിടയിലും നിലനിന്നിരുന്നത്‌. കുറച്ച്‌ ഇടതു പിള്ള , കുറച്ചു വലതു പിള്ള, പിന്നെ വളരെക്കുറച്ച്‌ സംഘപരിവാര പിള്ളകള്‍ . ഇടതു പിള്ളമാരെ നയിച്ചിരുന്നത്‌ 'വരിക്കപ്ലാക്കല്‍' തറവാട്ടിലെ കാലം ചെയ്ത തറവാടി രാമക്രിഷണപിള്ളകളുടെ ഇളയ മകന്‍ വാസുദേവന്‍ പിള്ളയായിരുന്നു. ഒരു യഥാര്‍‌ത്ഥ കമ്മ്യൂണിസ്റ്റ്‌, സോഷ്യലിസത്തിലുള്ള അടിയുറച്ച വിശ്വാസം ( ഷെയര്‍ ഇടുന്നത്‌ തെങ്ങ്‌ കയറ്റക്കാരന്‍ പരമു വെന്നോ ജ്വല്ലറി ഉടമ ഗോപാലനാചാരി എന്നോ തിരിച്ച്‌ വ്യതാസമില്ലാതെ ആരോടൊത്തും, ഷെയര്‍ ഇടുന്നത്‌ ആരായാലും കൂടെപ്പോയി 'അടിക്കുന്നവന്‍ ' എന്നര്‍ത്ഥം.)എന്നി ഗുണങ്ങള്‍ ഉള്ളതിനാല്‍ പിള്ളകളില്‍ ഒരു ഭാഗത്തിന്‍റെയും 'അപിള്ളക'ളില്‍ ഭൂരിഭാഗത്തിന്‍റെയും പിന്തുണയുള്ളവന്‍.മൂന്നാം വാര്‍ഡ്‌ ഉണ്ടായ കാലം മുതല്‍ അതിന്‍റെ മെമ്പര്‍ പദവി അലങ്കരിക്കുന്നവന്‍.നേരത്തെ പറഞ്ഞ സോഷ്യലിസം കാരണം അപ്പനപ്പൂപ്പന്മാര്‍ ഉണ്ടാക്കിയ സ്വത്തുക്കള്‍ നശിപ്പിച്ച 'മുടിയനായ പുത്രന്‍ ' എന്ന പദവിയും അഡീഷണലായി വഹിക്കുന്നവന്‍. വാസുദേവന്‍ പിള്ളയുടെ വീട്ടിലെത്തെണമെങ്കില്‍ 'മെമ്പറുടെ വീട്ടിലേക്കുള്ള വഴി' എന്നു തന്നെ ചോദിക്കണം, കാരണം മെമ്പര്‍ എന്നത്‌ അങ്ങേരുടെ പേരിന്‍റെ ഒരു പര്യായമായിക്കഴിഞ്ഞിരിന്നു.



വലതു പിള്ള വിഭാഗത്തിന്‍റെ നേതാവ്‌ അയ്യന്‍ പിള്ള ആളൊരു രസികനും പൊതുകാര്യ പ്രസക്തനുമായിരുന്നു. 'അമ്പലം വിഴുങ്ങി' എന്ന അപര നാമദേയത്തില്‍ അറിയപ്പെടുന്ന അയ്യന്‍ പിള്ള വളരെക്കാലമായി സകലപിള്ളമാരുടെയും മൂലക്ഷേത്രമായ അയ്യപ്പന്‍ കോവിലിന്‍റെ ഖജാന്‍‌ജിയായിരുന്നു. അമ്പലം വിഴുങ്ങാന്‍ മാത്രം വലിയ വായൊന്നും പിള്ളക്കില്ലായിരുന്നെങ്കിലും വാസുദേവന്‍ പിള്ളയുടെയും കൂട്ടരുടേയും നിരന്തരമായ പ്രചരണത്തില്‍ നിക്ഷ്‌പക്ഷ്മതികള്‍ കൂടി അങ്ങേരെ 'അമ്പലം വിഴുങ്ങി' എന്ന ഓമന‍പ്പേരില്‍ സംഭോധന ചെയ്യുവാന്‍ തുടങ്ങി.ആളൊരു വലതനായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ സ്വജാതി പ്രേമം, പിള്ളമാര്‍ക്കിടയില്‍ (മാത്രം) അങ്ങേര്‍ക്ക്‌ ഇത്തിരി മേല്‍ക്കയ്യ്‌ നേടിക്കൊടുത്തിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനും പിള്ള വികാരം പ്രസംഗിച്ചു (രഹസ്യമായി) നടക്കുന്ന അയ്യന്‍പിള്ളയെക്കോണ്ട്‌ ഗുണമുണ്ടായിട്ടുള്ളത്‌ എതിരാളി മെമ്പര്‍ക്ക്‌ മാത്രമാണ്‌ എന്നാണ്‌ മൂന്നാം വാര്‍ഡിലെ അടക്കം പറച്ചില്‍. പിന്നെ അയ്യന്‍ പിള്ളയുടെ മറ്റൊരു വീക്‌നെസ്സ്‌ ആയിരുന്നു, പൊക്കന്‍ പിള്ള. എന്തിനും ഏതിനും പൊക്കന്‍ പിള്ള വേണം, ചുരുക്കിപ്പറഞ്ഞാല്‍ അയ്യന്‍ പിള്ളയുടെ വലം കയ്യായിരുന്നു പൊക്കന്‍. ( അതും അയ്യന്‍റെ പരാജയങ്ങളുടെ പിന്നിലെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.)



ഈ രണ്ടു കൂട്ടരേയും നേരിടാന്‍ , കച്ചകെട്ടിയിറങ്ങിയ ഒരു കൂട്ടം 'യുവപിള്ളമാര്' മാത്രമടങ്ങിയതാണ്‌ സംഘപരിവാര പിള്ള വിഭാഗം.നോട്ടിസ്‌ അടിക്കുകയാണ്‌ ഇക്കൂട്ടരുടെ പ്രധാന ഹോബി. "മെമ്പര്‍ പിള്ളയുടെ ബംമ്പര്‍ അഴിമതികള്‍", "അമ്പലകെട്ടിലെ ഇറ്റാലിയന്‍ ചാരന്‍" എന്നീ തലക്കെട്ടിലിറങ്ങിയ നോട്ടീസുകള്‍ അവയില്‍ ചിലതു മാത്രം. സംഘ പരിവാര പിള്ള വിഭാഗത്തല്‍ നാല്പതിനു മേളില്‍ പ്രായമുള്ള ഒരേ ഒരാളെ ഉണ്ടായിരുന്നുന്‍ള്ളു അദ്ദേഹമാണ്‌ സാക്ഷാല്‍ ശ്രീമാന്‍ പപ്പന്‍ പിള്ള. (പത്മനാഭന്‍ പിള്ള എന്ന്‌ പപ്പന്‍ സ്വയം വിളിക്കും). ഒരു അടിയുറച്ച കമ്യൂണിസ്റ്റായിരുന്ന പപ്പന്‍ എങ്ങനെ പരിവാറില്‍ വന്നു എന്നത്‌ കുറെ ക്കാലമായി നാട്ടിലില്ലാതിരുന്ന പലരെയും പോലെ ഗള്‍ഫുകാരന്‍ സുകുമാരനും ഒരു അത്ഭുതമായിരുന്നു.സുകുമാരന്‍റെ അഭിപ്രായത്തില്‍ പപ്പനുണ്ടായിട്ടുള്ള പ്രഥാന മാറ്റങ്ങള്‍ ഇവൊയൊക്കെയാണ്‌.


"കളങ്ങളുള്ള കൈലി മുണ്ടും മുഷിഞ്ഞ ഷര്‍ട്ടും എരിഞ്ഞ ദിനേശ്‌ ബീഡിയും മാറി. തേച്ച്‌ വടി പോലിരിക്കുന്ന വെള്ള മുണ്ടും ഒറ്റക്കളര്‍ (ക്രീം അല്ലെങ്കില്‍ ബ്ലാക്ക്‌ ) ഷര്‍ട്ടും ആയി വേഷം,നെറ്റിയിലൊരു ചന്തനക്കുറിയും . വഴി തെറ്റി പോലും അമ്പലത്തില്‍ പോകാതിരുന്ന ആള്‍ ദിവസത്തില്‍ രണ്ടു നേരം അമ്പലനടയില്‍ കാണാം. കാണുമ്പൊളുണ്ടായിരുന്ന " ബീഡിയുണ്ടോ സുകുമാരാ ഒരു തീപ്പെട്ടിയെടുക്കാന്‍" എന്ന ചോദ്യം 'വാഴയിലയുണ്ടോ സുകുവേട്ടാ പ്രസാദം പൊതിയാന്‍ ' എന്നായി മാറി. "


കമ്യൂണിസത്തില്‍ നിന്ന്‌ പരിവാരിസത്തിലേക്കുള്ള മാറ്റം എങ്ങനെ സംഭവിച്ചു എന്ന്‌ റിസേര്‍ച്ച്‌ ചെയ്തവരുടെ കണ്ടു പിടുത്തങ്ങള്‍ ഇവയൊക്കെയായിരുന്നു. മെമ്പര്‍ പിള്ളയോടുള്ള അതി തീക്ഷ്ണമായ വിരോദമാണിതിന്‍റെ മൂല‍കാരണം..വിരോദത്തിന്‍റെ മൂലകാരണം അവര്‍ക്കിടയില്‍ നിലനിലക്കുന്ന ഒരു സ്ഥലത്തര്‍ക്കമാണ്‌...തര്‍ക്കത്തിന്‍റെ മൂലകാരണം പപ്പന്‍റെ അമ്മാവനാണ്‌ മെമ്പര്‍ എന്നതു മാത്രവുമാണ്‌..എന്നാല്‍ ഇങ്ങനെ ഇസം മാറിയെത്തിയ പപ്പനെ പരിവാറുകാര്‍ എന്തു കൊണ്ട്‌ ആരാധിക്കുന്നു, ബഹുമാനിക്കുന്നു ? ഇതറിയണമെങ്കില്‍ കുറെ കൊല്ലം പുറകിലേക്കു പോകണം..


തുടരും