Oct 22, 2008

'ബൈജുവേട്ടന്‍റെ ദാമ്പത്യ'വും പൊക്കന്‍ പിള്ളയും

തൊടുപുഴ എന്ന 'മഹാനഗര'ത്തില്‍ നിന്ന് 16 കിലോ മീറ്റര്‍‌ മാറി കിടക്കുന്ന ഒരു കൊച്ചു ഗ്രാമം :- കുടയത്തൂര്‍. ആ ഗ്രാമത്തിലെ പിള്ളമാര്‍ തിങ്ങിപ്പാര്‍ക്കുന്ന മൂന്നാം വാര്‍ഡ്‌. എന്നു പറ്ഞ്ഞാല്‍ പത്തു പേര്‍ ഒരുമിച്ചിരുന്നു ചീട്ടുകളിച്ചാല്‍ അതില്‍ എഴു പേര്‍ പിള്ളയാകുന്ന , അഞ്ചു പേര്‍ ഒരുമിച്ചിരുന്നു കള്ളു കുടിച്ചാല്‍ അതില്‍ നാലു പേര്‍ പിള്ളയാകുന്ന അവസ്ഥ. പിള്ളമാര്‍ എന്നു പറഞ്ഞാല്‍ മൂന്ന്‌ 'ഉ' കള്‍ ജീവിത വ്രതമാക്കി മാറ്റിയവരാണെന്ന്‌ (ഉണ്ണുക , ഉറങ്ങുക, ഉണ്ണികളെ ഉത്പാദിപ്പിക്കുക ) ചില അസൂയാലുക്കള്‍ പറഞ്ഞു പരത്തിയിരുന്നെങ്കിലും ഈയുള്ളവനും ആ ഗണത്തില്‍ പെടുന്നവനായതിനാല്‍ അത്രക്കങ്ങു താത്തി പ്പറയുക വയ്യ. എന്നിരുന്നാലും ഇഡ്ഡിലിയും ചമ്മന്തിയും വടയും ദേശീയ ഭക്ഷണമാക്കി മാറ്റിയവരെന്നോ, 'അക്ക', 'അത്ത', 'അണ്ണന്‍', 'അക്കാള്‍', 'അയ്യാവ്', എന്നീ പദങ്ങള്‍ അഭിസം‌മ്പോദനക്ക്‌ അഭിമാനപൂര്‍‌വ്വം ഉപയോഗിക്കുന്നവരെന്നോ പറയാം. എന്താ ഒരു തമിഴന്‍ സ്റ്റൈലന്നല്ലെ ? സംശയിക്കേണ്ട വംശപരമ്പരകള്‍ 'തേടിപ്പാ‍ത്താല്‍' തമിഴ്നാട്ടില്‍ നിന്ന്‌ കുടിയേറിപ്പാര്‍ത്തവര്‍‌ തന്നെ. കുംഭകോണത്തു നിന്നോ തെങ്കാശിയില്‍ നിന്നോ മറ്റോ കൂട്ടത്തോടെ കുടിയേറി കൂട്ടത്തോടെ താമസിക്കുന്നവരുടെ നാലാമത്തെ തലമുറ.


ഇങ്ങനെ വാഴുന്ന പിള്ളമാരുടെ ഇടയില്‍ കൂട്ടം തെറ്റിവന്ന വരാലിനെ പോലെ താമസിക്കുന്ന ചിലരും ഉണ്ടായിരുന്നു. അവിരിലൊന്നായിരുന്നു തട്ടാന്‍ ബൈജുവേട്ടന്‍റെ കുടും‌ബം. എന്നു പറഞ്ഞാല്‍ ബൈജുവേട്ടനും അമ്മയും ഭാര്യയും പിന്നെ ബൈജുവേട്ടന്‍റെ കെട്ടാത്ത സഹോദരനും കെട്ടിച്ചു തിരിച്ചു വന്നു താമസിക്കുന്ന സഹോദരിയും അവരുടെ രണ്ടു മക്കളും പിന്നെ ബൈജുവേട്ടന്‍റെ ഇളയ (കെട്ടിക്കാത്ത) സഹോദരിയും ചേര്‍ന്ന ചെറിയ കുടും‌ബം. ബൈജുവേട്ടന്‍റേ ഭാര്യ മോളീചേച്ചി പാലായിലെങ്ങാണ്ടുള്ള ഒന്നാന്തരം കത്തോലിക്കാ കുടുംബത്തില്‍ പിറന്നതും നേഴ്സിങ്ങ്‌ പ്രഫഷണില്‍ തിളങ്ങി വരവെ പാലാ ചന്തയില്‍ സ്വര്‍ണ്ണക്കട നടത്തുന്ന അമ്മാവനെ സഹായിക്കാന്‍ പോയി നിന്ന ബൈജുവേട്ടന്‍റെ ഗ്ലാമറിലും കണ്ണിറുക്കിലും അടിതെറ്റി വീണ്‌ കുടയത്തൂരിലെ മൂന്നാം വാര്‌ഡിലെ ബൈജുച്ചേട്ടന്‍റെ അടുക്കളയില്‍ വന്നു പതിച്ച്‌ അടുക്കള ഭരണം, മരുമകള്‍ പോര് , നാത്തൂന്‍ പോര്‌ എന്നിവ സ്ഥിരം പ്രഫഷണായി സ്വീകരിച്ച്‌ സസന്തോഷം ജീവിച്ചു പോകുന്നതുമാകുന്നു.ആ നാട്ടിലെ സ്ഥിരം കുടിയന്മാരായ പിള്ളേച്ചന്മാരെ അസൂയയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ പോന്നതായിരുന്നു, ഞായാറാഴ്ചയലെ ബൈജുച്ചേട്ടന്‍റെ 'മിനുങ്ങലും' അനന്തിര ഫലങ്ങളും . കാഞ്ഞാറ്റിലെ (കുടയത്തൂരിന്‍റെ തലസ്ഥാന നഗരം) കള്ളു ഷാപ്പില്‍ നിന്ന്‌ രണ്ടു കുപ്പി കേറ്റിയിട്ട്‌ അല്ലെങ്കില്‍ മൂലമറ്റത്തെ ( കുടയത്തൂരിന്‍റെ തൊട്ടടുത്ത സ്റ്റേറ്റായ അറക്കുളത്തിന്‍റെ തലസ്ഥാനം ) ബിവരേജസ്സിന്‍റെ മുന്‍പില്‍ നിന്ന്‌ രണ്ടെണ്ണം 'നിപ്പനടിച്ചിട്ട്‌' ആടി ആടി വരുന്ന ബൈജുച്ചേട്ടന്‍റെ വായില്‍ നിന്നു വരുന്ന തെറി കേട്ടു പഠിക്കാന്‍ ആ നാട്ടിലെ വളര്‍ന്നു വരുന്ന 'പിള്ള മുകുള'ങ്ങള്‍ക്ക്‌ ഭയങ്കര താത്‌പര്യം തന്നെയായിരുന്നു. തങ്ങളുടെ തന്തമാരുള്‍പ്പെടുന്ന പിള്ളേച്ചന്മാരെ മുഴുവന്‍ തെറി വിളിച്ചിരുന്ന ബൈജുച്ചേട്ടനോടുള്ള ആരാധന കൊണ്ടൊന്നുമല്ല പക്ഷേങ്കില്‌ ബൈജുച്ചേട്ടന്‍റെ വായില്‍ നിന്നു വരുന്ന നവനൂതനകളായ തെറികളോടുള്ള ഒരു തരം 'അക്കാദമിക്കല്‍ ജ്ഞാന ത്രക്ഷ്ണ' കൊണ്ടാണ്‌ ഈ താത്പര്യം എന്നു വേണമെങ്കില്‍ പറയാം.

ബൈജുച്ചേട്ടന്‍റെ 'വെള്ളമടിയാനന്തിര' പെര്‍ഫോമന്‍സ്സിനെ നമുക്കു പ്രഥാനമായും മൂന്നായി തിരിക്കാം.ഒന്നാം ഘട്ടം വെള്ളമടിച്ച സ്ഥലത്തു നിന്ന്‌ വീടു വരെയുള്ള സമയമാണ്‌. ആ സമയത്ത്‌ ആ പ്രദേശത്തെ കൊടികുത്തിയ 'പിള്ളേച്ചന്‍' മാര്‍ വരെ ഉറക്കമാണെങ്കില്‍ കൂടി ഞെട്ടിയുണരും, കാരണം അവരുടെ അപ്പനപ്പൂപ്പന്‍‌മാരുടെ കഥകള്‍ വരെ ഇത്തിരി 'അഡല്‍റ്റ് കണ്ടന്‍റ്‌ ' ചേര്‍ത്ത്‌ മിക്സ്‌ ചേയ്ത്‌ വിളമ്പലായിരിക്കും പ്രധാന ഇനം. അതിന്‍റെ കൂടി അടിച്ചതിന്‍റെ വീര്യമനുസരിച്ച്‌ തുണിപൊക്കി കാണിക്കല്‍ , മുണ്ടു പറിച്ച്‌ തലയില്‍ കെട്ടല്‍, 'തൊടുപുഴ-മൂലമറ്റം' പോകുന്ന ബസ്സ്‌ തടയല്‍, അതിന്‍റെ കിളിയുടെ അടി മേടീര്‍ എന്നീ സൈഡ്‌ ഡിഷ്ഷുകളും ഉണ്ടായിരിക്കും. സ്വന്തം വീടിന്‍റെ നടയെത്തി എന്ന്‌ ഉറപ്പായാല്‍ ബൈജുച്ചേട്ടന്‍ തന്‍റെ രണ്ടാം ഘട്ടം ആരംഭിക്കും, വാമഭാഗം മോളിച്ചേച്ചിയെ "എടി %#^^%%&**&** മോളെ " എന്നു വിളിക്കുന്നതായിരിക്കും അതിന്‍റെ സ്റ്റാര്‍‌ട്ടിംഗ്‌ സിഗ്നല്‍.പിന്നെ മോളിച്ചേച്ചിയുടെ ചാരിത്രത്തെ വെല്ലു വിളിക്കുന്ന ജാരകഥകളും ( ഓരോ ദിവസത്തെയും മൂഡ്‌ അനുസരിച്ച്‌ കുട്ടന്‍പിള്ള, രായന്‍പിള്ള, പപ്പന്‍പിള്ള, ആശാരി രാജന്‍ എന്നിവര്‍ മാറിമാറി നായകന്‍‌മാരായി വന്നു കോണ്ടിരിക്കും). എന്നാല്‍ ഭര്‍‌ത്ര മതിയായ പാവം മോളിച്ചേച്ചി ഇതെല്ലാം കേട്ട്‌ സഹിച്ച്‌ മൂന്നാം ഘട്ടം വരല്ലെ എന്ന്‌ പ്രാര്‍‌ത്ഥിച്ചു കൊണ്ടിരിക്കയായിരിക്കും. മൂന്നാം ഘട്ടമാണ്‌ ഏറ്റം രൂക്ഷം :- മോളിച്ചേച്ചിയുടെ മുതികിനിട്ടിടി, നാഭിക്ക്‌ തൊഴി, തടയാന്‍ വരുന്ന അനിയന്‍റെ തന്തക്കു വിളി, ഉന്ത്‌ തള്ള്‌, എന്നിങ്ങനെ യുള്ള കലാപരിപാടികള്‍ പുരോഗിമിക്കുകയും ചുറ്റു വട്ടത്തെ ഏതെങ്കിലും 'ഡീസന്‍റ്‌ പിള്ള' വന്നിടപെട്ട്‌ മോരും വെള്ളം കൊടുത്ത്‌ , വാളു വെപ്പിച്ച്‌ ബൈജുച്ചേട്ടനെ മൂലക്കൊതുക്കുകയുമാണ്‌ പതിവ്‌.


ഇങ്ങനെയിയിരിക്കെ ഒരു ഞായറാഴ്ച്ച പതിവിലും നേരത്തെ തന്‍റെ രണ്ടാം ഘട്ടത്തിലേക്കു കയറിയ ബൈജുച്ചേട്ടന്‍ മൂന്നാം ഘട്ടത്തെ ലക്ഷ്യമാക്കി മുന്നേറവെ യാണ്‌ "പൊക്കന്‍‌ പിള്ള' തൊണ്ട്‌ (ഇടവഴി) വഴി വന്നത്‌. പൊക്കമുളളതു കൊണ്ടല്ല കണ്ണന്‍ പിള്ളയെ എല്ലാരും പൊക്കന്‍ പിള്ള എന്നു വിളിക്കുന്നത്‌ , പൊട്ടന്‍ കണ്ണന്‍ പിള്ള‍ യാണ്‌ പൊ.ക.പിള്ളയും പിന്നത്‌ പൊക്കന്‍ പിള്ളയുമായി മറിയത്‌. കണ്ണന്‍ പിള്ള ശരിക്കും ഒരു പൊട്ടനാണെന്നും അതല്ല കാണ്‍ഗ്രസ്സ്‌ അനുഭാവിയായതിനാല്‍ കണ്ണന്‍ പിള്ളയെ കളിയാക്കാന്‍ വേണ്ടി ബഹുഭൂരിപക്ഷം വരുന്ന സംഘ പരിവാര പിള്ളമുകുളങ്ങള്‍ കെട്ടിച്ചമച്ച പേരാണിതെന്നും ഉള്ള ഒരു തര്‍ക്കം ഇന്നും മൂന്നാം വാര്‍‌ഡില്‍ നിലനില്‍ക്കുന്നുണ്ട്‌.അതെന്താണെങ്കിലും ആവശ്യമില്ലാത്തിടത്ത്‌ കയറി ഇടപെടുക, പൊതു പ്രവര്‍‌ത്തനം എന്ന പേരില്‍ ഷൈന്‍ ചെയ്യുക, പ്രത്യേകിച്ച്‌ സ്ത്രീ ജനങ്ങള്‍ കാഴ്ച്ചക്കാരായുള്ളപ്പോള്‍ എന്നിവ പൊക്കന്‍ പിള്ളയുടെ സ്ഥിരം പരിപാടിയാകുന്നു. ബൈജുവേട്ടന്‍റെ അങ്കം കണ്ടിട്ടും മൈന്‍റ്‌ ചെയ്യാതെ , തന്‍റെ അമ്മാവന്‍റെ വീടു ലക്ഷ്യമാക്കി മുന്നേറിക്കൊണ്ടിരുന്ന പൊക്കന്‍ പിള്ള , വീടിന്‍റെ സൈഡില്‍ നിന്ന്‌ കരഞ്ഞു കൊണ്ടിരിക്കുന്ന മോളിച്ചേച്ചിയേയും തൊട്ടടുത്തിരുന്ന്‌ ആശ്വാസ വചനങ്ങള്‍ വര്‍ഷിച്ചു കൊണ്ടിരുന്ന ബൈജുച്ചേട്ടന്‍റെ ഇളയെ സഹോദരിയേയും കണ്ടു തന്‍റെ പ്രവര്‍ത്തന മേഖല തിരിച്ചറിയുകയും സഡന്‍ ബ്രേക്കിട്ട്‌ ലെഫ്റ്റടിച്ച്‌ വീട്ടുമുറ്റത്ത്‌ കയറുകയും ചെയ്തു. രംഗ പ്രവേശനം ചെയ്ത ഉടനെ പൊക്കന്‍ ഡയലോഗും ആരംഭിച്ചു.." എന്താ എന്‍റെ ബൈജുവേട്ടാ ഇങ്ങനെ ..ദേ നാട്ടുകാരൊക്കെ നോക്കിച്ചിരിക്കുന്നു...ഇങ്ങനെ യൊക്കെ കാണിച്ചാല്‍ ആര്‍ക്കാ വിഷമം സ്വന്തം ഭാര്യക്കും ആ പാവം 'കൊച്ചിനും'(ഇളയ സഹോദരി) മറ്റു വീട്ടുകാര്‍ക്കും...എന്തു കോണ്ടാണിങ്ങനെ കുടിക്കുന്നത്‌ .. എന്ത്‌ പ്രശ്നമാണെങ്കിലും ഞാന്‍ പരിഹരിക്കാം..." ഇതു കേട്ട ബൈജു ച്ചേട്ടന്‍ ഇതേതെടാ ഈ പുതിയ അവതാരമെന്ന രീതിയില്‍ തിരിഞ്ഞു നോക്കുകയും പൊക്കനാണെന്നു കണ്ട്‌ മൈന്‍റ്‌ ചെയ്യതെ വേച്ച്‌വേച്ച് വീട്ടിനുള്ളിലേക്ക്‌ കയറാന്‍ തുടങ്ങുകയും ചെയ്തു. തന്‍റെ വാക്കുകള്‍ എവിടെയോ ഏറ്റെന്ന്‌ തെറ്റിദ്ധരിച്ച പൊക്കന്‍ അതിശക്തിയോടെ ആവേശത്തോടെ ഉച്ചത്തില്‍ "പറയൂ എന്താണ്‌ പ്രശ്നം.. എന്നോടു പറയൂ .. ചേട്ടന്‍റെ 'ദാമ്പത്യ'ത്തില്‍ എന്തെങ്കിലും................" 'ഠേ...' എന്ന ശബ്ദവും ' എന്‍റമ്മേ ' എന്നുള്ള കരച്ചിലും മാത്രമേ എല്ലാരും കേട്ടുള്ളു. പിന്നെ നോക്കുമ്പോള്‍ പൊക്കന്‍ വെട്ടിയിട്ട വാഴ പോലെ നിലത്തു കിടപ്പാണ്‌. കല്യാണം കഴിഞിട്ടും ഇത്ര നാളായും കുട്ടികളില്ലാത്ത ബൈജുവേട്ടന്‍റെ 'ദാമ്പത്യ'ത്തെ യാണ്‌ താന്‍ ചോദ്യം ചെയ്തതെന്ന്‌ മനസ്സിലാക്കിയ പൊക്കന്‍ ഇനിയൊരാക്രമണം ഉണ്ടാകുന്നതിനു മുന്‍പ്‌ എസ്കേപ്പാകാന്‍ വേണ്ടി ചാടിയെണീറ്റ്‌ അമ്മാവന്‍റെ വീട്ടിലേക്കുള്ള സന്ദര്‍‌ശനം കട്ട്‌ ചെയ്ത്‌ സ്വന്തം വീട്ടിലേക്കോടി...അന്നു മാത്രം ജീവിതത്തിലാദ്യമായി പൊക്കന്‍ പിള്ള കാരണം ഒരു കുടുംബം മനസ്സമാധാനത്തോടെ ഉറങ്ങി,,കാരണം അന്നത്തെ മൂന്നാം ഘട്ടം അപ്പാടെ സസ്‌പെന്‍റ്‌ ചെയ്ത്‌ ബൈജുവേട്ടന്‍ "പൊക്കന്‍ &***%#%%" യുടെയും പ്രപിതാമഹന്‍‌മാരുടെയും ജീവിത കഥ ചുരുളഴിക്കുന്ന തിരക്കിലായിരുന്നു.