Jul 29, 2008

ഒരു പേരിലെന്തിരിക്കുന്നു???!!!!!!

ഇന്നലെത്തെ ഒരു വാര്‍ത്തയാണ്‌ ഈ പോസ്റ്റിനാധാരം. കോഴിക്കോടെങ്ങാണ്ടുള്ള ഒരു 16 വയസ്സുകാരന്‍ പയ്യന്‍ പോലീസ്‌ പിടിയിലായത്രെ! ഇന്‍ഡ്യ മുഴുക്കെ അങ്ങിങ്ങു പൊട്ടിക്കൊണ്ടിരിക്കെ സമയത്ത്‌ നമ്മുടെ കൊച്ചു കേരളത്തിലും പൊട്ടാന്‍ സാധ്യതയുണ്ടെന്ന്‌ ഏതോ ടീവിക്കാരു റിപ്പോര്‍ട്ടു ചെയ്തിരിന്നതിന്‍ പ്രകാരം കേരളമൊട്ടാകെ അതിജാഗ്രതാ നിര്‍ദ്ദേശം പോലീസ് നല്‍കിയിരുന്നതിനാല്‍ സ്വതവേ ഭയങ്കര ധൈര്യവാന്‍‌മാരായിട്ടുള്ള മലയാളികള്‍, വീട്ടിനു വെളിയിലുള്ള കക്കൂസില്‍ പോലും പോകാതെ , ടീ വി സസൂക്ഷ്മം വാച്ചു ചെയ്ത്‌ ലോകത്തിലുള്ള സകല തീവ്രവാതികളുടെയും തന്തക്കു വിളിച്ചു കൊണ്ടിരുന്ന സമയത്താണ്‌ ഈ പയ്യനു ഒരു രസം തോന്നിയത്‌. ലോകത്തിലെവിടെയെങ്കിലും ഒരു ഹര്‍ത്താലാഹ്വാനമുണ്ടെങ്കില്‍ അതു കേരളത്തില്‍ വന്‍ വിജയമാക്കിത്തീര്‍‌ത്ത്‌ പണ്ടേ നമ്മുടെ‌ ധൈര്യം തെളിയിച്ചിട്ടുള്ളവരാണ്‌ മലയാളികള്‍, അങ്ങനെയുള്ളവര്‍ക്ക്‌ ഒരു ആഘോഷം കൂടിയാകട്ടെ എന്നു കരുതിയാകണം , പയ്യന്‍ , 'തേജസ്സ്‌' എന്നാണവന്‍റെ പേര്‌, തിരുവനന്തപുരത്തുള്ള ഏതോ ഒരു പത്രപ്രവര്‍തകനെ വിളിച്ച്‌ 'അവിടെ പൊട്ടും ഇവിടെ പൊട്ടാന്‍ സാധ്യതയുണ്ട്‌ ' എന്നു പറഞ്ഞതിന്‍‌പ്രകാരം രായ്ക്കു രാമാനം പോലീസ്‌ പിടിയിലായി.ഏതായാലും പയ്യന്‍റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാന്‍ കഴിവുള്ള പോലീസേമാന്‍‌മാര്‍ തേജസ്സിനെ വെറുതെ വിടുമെന്നു പ്രതീക്ഷിക്കാം. പക്ഷെ ഈ വാര്‍ത്തയൊക്കെ കേട്ട ഞാന്‍ വ്യാകുലപ്പെട്ടത്‌ തേജസ്സിനെ ഓര്‍ത്തല്ല, അവ്ന്‍റെ കുടുംബത്തേയുമോര്‍ത്തല്ല, പിന്നെ ഇതേ തമാശ ചെയ്തത്‌ തേജസ്സിനു പകരം ഒരു റഷീദോ, അന്‍‌വറോ ആയിരുന്നെങ്കില്‍ അവനും അവന്‍റെ കുടുംബവും അനുഭവിക്കേണ്ടിയിരുന്ന പീഢനമോര്‍ത്തായിരുന്നു!!!!!!!!!!!!!!!

Jul 24, 2008

തിരികെക്കൊടുക്കുവാന്‍ ഒന്നുമില്ലെന്‍റെ കയ്യില്‍......

ചാരിയ വാതില്‍ തള്ളിത്തുറന്നു വന്ന കര്‍ക്കിടകക്കാറ്റിന്‌ അവളുടെ മുടിയിലേ കാച്ചിയ എണ്ണയുടെ സുഗന്ധമുണ്ടോ?

കിടക്കയില്‍ വീണു കിടക്കുന്ന തുളസിക്കതിര്‍ അവളുടെ കേശഭാരത്തില്‍ നിന്ന്‌ ഉതിര്‍ന്നു വീണതോ?

ഇരുട്ടില്‍ , വെളിയില്‍ നിന്ന്‌ കേള്‍ക്കുന്ന കാറ്റിന്‍റെ മര്‍മ്മരം അവളുടെ കസവു സാരിയുടെ ഞൊറികള്‍ തമ്മിലുരസ്സുന്നതിന്‍റെ പ്രതിദ്ധ്വനിയോ?

അകലെ ചക്രവാളത്തില്‍ മറഞ്ഞ അസ്തമയ സൂര്യന്‍ അവളുടെ സിന്ദൂരപ്പൊട്ടിന്‍റെ മങ്ങിയ പ്രതിബിംബമായിരുന്നോ?

എന്‍റെ ഹൃദയതാളത്തിന്‍റെ നിലക്കാത്ത സ്പന്ദനങ്ങള്‍ അവളുടെ നാമജപത്തിന്‍റെ കനിവോ?

നിലത്തു ചിതറിക്കിടക്കുന്ന ചുരുട്ടിക്കൂട്ടിയ കടലാസ്സു കഷണങ്ങള്‍ , അവളെക്കുറിച്ചു ഞാനെഴുതിയ അപൂര്‍ണ്ണ കവിതാശകലങ്ങളുടെ സമാഹാര‍മോ?

അറിയില്ല, എങ്കിലുമൊന്നറിയാം അവള്‍ എനിക്കായി ജീവിച്ചു, വിധിയുടെ വിളയാട്ടത്താല്‍ അകന്നു പോകും വരെ,

തിരികെക്കൊടുക്കുവാന്‍ ഒന്നുമില്ലെന്‍റെ കയ്യില്‍ ഇനിയും ചുരിട്ടിയെറിയേണ്ട ചില കടലാസ്സുകഷണങ്ങളല്ലാതെ!!