Nov 17, 2008

മൂന്നാം വാര്‍ഡിലെ രാഷ്ട്രീയ കാലാവസ്ഥ - 1

മൂന്നാം വാര്‍ഡിരിക്കുന്നതു കുടയത്തൂര്‍ പഞ്ചായത്തിലും കുടയത്തൂര്‍ പഞ്ചായത്തിരിക്കുന്നത്‌ തൊടുപുഴ താലൂക്കിലും തൊടുപുഴ താലൂക്കിരിക്കുന്നത്‌ ഇടുക്കി ജില്ലയിലും ഇടുക്കി ജില്ല കേരളത്തിലും ആകയാല്‍ കേര‍ളത്തിന്‍റെ പൊതുവായ രാഷ്ട്രീയ കാലാവസ്ഥ തന്നെയായിരുന്നു മൂന്നാം വാര്‍ഡിലെ പിള്ളമാര്‍ക്കിടയിലും നിലനിന്നിരുന്നത്‌. കുറച്ച്‌ ഇടതു പിള്ള , കുറച്ചു വലതു പിള്ള, പിന്നെ വളരെക്കുറച്ച്‌ സംഘപരിവാര പിള്ളകള്‍ . ഇടതു പിള്ളമാരെ നയിച്ചിരുന്നത്‌ 'വരിക്കപ്ലാക്കല്‍' തറവാട്ടിലെ കാലം ചെയ്ത തറവാടി രാമക്രിഷണപിള്ളകളുടെ ഇളയ മകന്‍ വാസുദേവന്‍ പിള്ളയായിരുന്നു. ഒരു യഥാര്‍‌ത്ഥ കമ്മ്യൂണിസ്റ്റ്‌, സോഷ്യലിസത്തിലുള്ള അടിയുറച്ച വിശ്വാസം ( ഷെയര്‍ ഇടുന്നത്‌ തെങ്ങ്‌ കയറ്റക്കാരന്‍ പരമു വെന്നോ ജ്വല്ലറി ഉടമ ഗോപാലനാചാരി എന്നോ തിരിച്ച്‌ വ്യതാസമില്ലാതെ ആരോടൊത്തും, ഷെയര്‍ ഇടുന്നത്‌ ആരായാലും കൂടെപ്പോയി 'അടിക്കുന്നവന്‍ ' എന്നര്‍ത്ഥം.)എന്നി ഗുണങ്ങള്‍ ഉള്ളതിനാല്‍ പിള്ളകളില്‍ ഒരു ഭാഗത്തിന്‍റെയും 'അപിള്ളക'ളില്‍ ഭൂരിഭാഗത്തിന്‍റെയും പിന്തുണയുള്ളവന്‍.മൂന്നാം വാര്‍ഡ്‌ ഉണ്ടായ കാലം മുതല്‍ അതിന്‍റെ മെമ്പര്‍ പദവി അലങ്കരിക്കുന്നവന്‍.നേരത്തെ പറഞ്ഞ സോഷ്യലിസം കാരണം അപ്പനപ്പൂപ്പന്മാര്‍ ഉണ്ടാക്കിയ സ്വത്തുക്കള്‍ നശിപ്പിച്ച 'മുടിയനായ പുത്രന്‍ ' എന്ന പദവിയും അഡീഷണലായി വഹിക്കുന്നവന്‍. വാസുദേവന്‍ പിള്ളയുടെ വീട്ടിലെത്തെണമെങ്കില്‍ 'മെമ്പറുടെ വീട്ടിലേക്കുള്ള വഴി' എന്നു തന്നെ ചോദിക്കണം, കാരണം മെമ്പര്‍ എന്നത്‌ അങ്ങേരുടെ പേരിന്‍റെ ഒരു പര്യായമായിക്കഴിഞ്ഞിരിന്നു.



വലതു പിള്ള വിഭാഗത്തിന്‍റെ നേതാവ്‌ അയ്യന്‍ പിള്ള ആളൊരു രസികനും പൊതുകാര്യ പ്രസക്തനുമായിരുന്നു. 'അമ്പലം വിഴുങ്ങി' എന്ന അപര നാമദേയത്തില്‍ അറിയപ്പെടുന്ന അയ്യന്‍ പിള്ള വളരെക്കാലമായി സകലപിള്ളമാരുടെയും മൂലക്ഷേത്രമായ അയ്യപ്പന്‍ കോവിലിന്‍റെ ഖജാന്‍‌ജിയായിരുന്നു. അമ്പലം വിഴുങ്ങാന്‍ മാത്രം വലിയ വായൊന്നും പിള്ളക്കില്ലായിരുന്നെങ്കിലും വാസുദേവന്‍ പിള്ളയുടെയും കൂട്ടരുടേയും നിരന്തരമായ പ്രചരണത്തില്‍ നിക്ഷ്‌പക്ഷ്മതികള്‍ കൂടി അങ്ങേരെ 'അമ്പലം വിഴുങ്ങി' എന്ന ഓമന‍പ്പേരില്‍ സംഭോധന ചെയ്യുവാന്‍ തുടങ്ങി.ആളൊരു വലതനായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ സ്വജാതി പ്രേമം, പിള്ളമാര്‍ക്കിടയില്‍ (മാത്രം) അങ്ങേര്‍ക്ക്‌ ഇത്തിരി മേല്‍ക്കയ്യ്‌ നേടിക്കൊടുത്തിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനും പിള്ള വികാരം പ്രസംഗിച്ചു (രഹസ്യമായി) നടക്കുന്ന അയ്യന്‍പിള്ളയെക്കോണ്ട്‌ ഗുണമുണ്ടായിട്ടുള്ളത്‌ എതിരാളി മെമ്പര്‍ക്ക്‌ മാത്രമാണ്‌ എന്നാണ്‌ മൂന്നാം വാര്‍ഡിലെ അടക്കം പറച്ചില്‍. പിന്നെ അയ്യന്‍ പിള്ളയുടെ മറ്റൊരു വീക്‌നെസ്സ്‌ ആയിരുന്നു, പൊക്കന്‍ പിള്ള. എന്തിനും ഏതിനും പൊക്കന്‍ പിള്ള വേണം, ചുരുക്കിപ്പറഞ്ഞാല്‍ അയ്യന്‍ പിള്ളയുടെ വലം കയ്യായിരുന്നു പൊക്കന്‍. ( അതും അയ്യന്‍റെ പരാജയങ്ങളുടെ പിന്നിലെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.)



ഈ രണ്ടു കൂട്ടരേയും നേരിടാന്‍ , കച്ചകെട്ടിയിറങ്ങിയ ഒരു കൂട്ടം 'യുവപിള്ളമാര്' മാത്രമടങ്ങിയതാണ്‌ സംഘപരിവാര പിള്ള വിഭാഗം.നോട്ടിസ്‌ അടിക്കുകയാണ്‌ ഇക്കൂട്ടരുടെ പ്രധാന ഹോബി. "മെമ്പര്‍ പിള്ളയുടെ ബംമ്പര്‍ അഴിമതികള്‍", "അമ്പലകെട്ടിലെ ഇറ്റാലിയന്‍ ചാരന്‍" എന്നീ തലക്കെട്ടിലിറങ്ങിയ നോട്ടീസുകള്‍ അവയില്‍ ചിലതു മാത്രം. സംഘ പരിവാര പിള്ള വിഭാഗത്തല്‍ നാല്പതിനു മേളില്‍ പ്രായമുള്ള ഒരേ ഒരാളെ ഉണ്ടായിരുന്നുന്‍ള്ളു അദ്ദേഹമാണ്‌ സാക്ഷാല്‍ ശ്രീമാന്‍ പപ്പന്‍ പിള്ള. (പത്മനാഭന്‍ പിള്ള എന്ന്‌ പപ്പന്‍ സ്വയം വിളിക്കും). ഒരു അടിയുറച്ച കമ്യൂണിസ്റ്റായിരുന്ന പപ്പന്‍ എങ്ങനെ പരിവാറില്‍ വന്നു എന്നത്‌ കുറെ ക്കാലമായി നാട്ടിലില്ലാതിരുന്ന പലരെയും പോലെ ഗള്‍ഫുകാരന്‍ സുകുമാരനും ഒരു അത്ഭുതമായിരുന്നു.സുകുമാരന്‍റെ അഭിപ്രായത്തില്‍ പപ്പനുണ്ടായിട്ടുള്ള പ്രഥാന മാറ്റങ്ങള്‍ ഇവൊയൊക്കെയാണ്‌.


"കളങ്ങളുള്ള കൈലി മുണ്ടും മുഷിഞ്ഞ ഷര്‍ട്ടും എരിഞ്ഞ ദിനേശ്‌ ബീഡിയും മാറി. തേച്ച്‌ വടി പോലിരിക്കുന്ന വെള്ള മുണ്ടും ഒറ്റക്കളര്‍ (ക്രീം അല്ലെങ്കില്‍ ബ്ലാക്ക്‌ ) ഷര്‍ട്ടും ആയി വേഷം,നെറ്റിയിലൊരു ചന്തനക്കുറിയും . വഴി തെറ്റി പോലും അമ്പലത്തില്‍ പോകാതിരുന്ന ആള്‍ ദിവസത്തില്‍ രണ്ടു നേരം അമ്പലനടയില്‍ കാണാം. കാണുമ്പൊളുണ്ടായിരുന്ന " ബീഡിയുണ്ടോ സുകുമാരാ ഒരു തീപ്പെട്ടിയെടുക്കാന്‍" എന്ന ചോദ്യം 'വാഴയിലയുണ്ടോ സുകുവേട്ടാ പ്രസാദം പൊതിയാന്‍ ' എന്നായി മാറി. "


കമ്യൂണിസത്തില്‍ നിന്ന്‌ പരിവാരിസത്തിലേക്കുള്ള മാറ്റം എങ്ങനെ സംഭവിച്ചു എന്ന്‌ റിസേര്‍ച്ച്‌ ചെയ്തവരുടെ കണ്ടു പിടുത്തങ്ങള്‍ ഇവയൊക്കെയായിരുന്നു. മെമ്പര്‍ പിള്ളയോടുള്ള അതി തീക്ഷ്ണമായ വിരോദമാണിതിന്‍റെ മൂല‍കാരണം..വിരോദത്തിന്‍റെ മൂലകാരണം അവര്‍ക്കിടയില്‍ നിലനിലക്കുന്ന ഒരു സ്ഥലത്തര്‍ക്കമാണ്‌...തര്‍ക്കത്തിന്‍റെ മൂലകാരണം പപ്പന്‍റെ അമ്മാവനാണ്‌ മെമ്പര്‍ എന്നതു മാത്രവുമാണ്‌..എന്നാല്‍ ഇങ്ങനെ ഇസം മാറിയെത്തിയ പപ്പനെ പരിവാറുകാര്‍ എന്തു കൊണ്ട്‌ ആരാധിക്കുന്നു, ബഹുമാനിക്കുന്നു ? ഇതറിയണമെങ്കില്‍ കുറെ കൊല്ലം പുറകിലേക്കു പോകണം..


തുടരും

3 comments:

Rahul Kartha N said...

njan ente thoolika namam ninakk nalkunnu...nee aanu athinu yathartha arhan..mangalam bhavandu....

Rahul Kartha N said...

adi poli adi poli...

Nikhil Paul said...

kollaaam kidilam aayi