Sep 12, 2008

ഒരോണക്കുറിപ്പ്‌

വീണ്ടും ഒരോണം കൂടി. എപ്പോഴും എനിക്കു തോന്നാറുണ്ട്‌ ഭൂരിപക്ഷം മലയാളികളും ഓണം ആഘോഷിക്കുന്നത്‌ ഓര്‍മ്മകളിലാണെന്ന്‌. പഴേ ആള്‍ക്കാര്‍ പറയും " ഇന്നക്കെ എന്തു ഓണം, അന്നത്തെ ഓണമായിരുന്നു ഓണം, പത്തു ദിവസം നീണ്ടു നില്‍ക്കുന്ന 'ഉത്‌സവം' ..ഓണം പ്രമാണിച്ച്‌ തറവാട്ടിലെത്തുന്ന മക്കളും മരുമക്കളും കൊച്ചുമക്കളും ആടി തിമര്‍ക്കുന്ന ഓണം.. തിരുവോണസദ്യക്കായി വട്ടം കൂട്ടുന്ന തിരക്കുകള്‍ക്കിടയില്‍ നിന്ന്‌ പരസ്പരം കുശലം പറയുന്ന 'അമ്മ'മാരുടെ നന്‍‌മകള്‍ നിറഞ്ഞ ഓണം. തിരുവാതിരകളിക്കായി പോകുവാന്‍ സെറ്റും മുണ്ടും തരപ്പെടുത്തുവാന്‍‍ മുത്തശ്ശിയെ സോപ്പിടുന്ന പെണ്‍കുട്ടികളുടെ ഓണം.. അടുക്കളയില്‍ നിന്ന്‌ വരുന്ന പായസവും ഉപ്പേരിയും അകത്താക്കിക്കൊണ്ട്‌ ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 'അച്ചന്‍'‌മാരുടെ ഓണം. നടുമുറ്റത്തിട്ടിരിക്കുന്ന അത്തപ്പൂക്കളത്തിന്‍റെ ഒത്ത നടുക്കിരിക്കുന്ന പൂ എടുക്കാനുള്ള ശ്രമത്തിനിടയില്‍ ചേച്ചിമാരുടെ കയ്യില്‍ നിന്ന്‌ കിട്ടിയ കൊച്ച്‌ 'കിഴുക്കോ'ര്‍ത്ത്‌ വിങ്ങി വിങ്ങി ക്കരയുന്ന കൊച്ചുണ്ണികളുടെ കുസ്രതികള്‍ നിറഞ്ഞ ഓണം.തിരുവോണത്തലേന്ന്‌ ഉപ്പേരിയും പലഹാരങ്ങളും നിറച്ച വാഴയിലച്ചീന്തില്‍ തിരി കത്തിച്ചു, വീടിന്‍റെ നാലു മൂലക്കും വെച്ച്‌ 'ഈച്ചക്കും ഉറുമ്പിനും' അതിനു ശേഷം വരുന്നവ വാഴയിലയില്‍ പൊതിഞ്ഞ്‌ പറമ്പിലേക്കെറിഞ്ഞ്‌ 'കാടനും മാടനും' കൊടുക്കുന്ന മലയാളിയുടെ സഹവര്‍ത്തിത്തന്‍റെ ഓണം..........." ഇവയില്‍ ചിലതൊക്കെ അനുഭവിക്കാനുള്ള യോഗം നമുക്കുണ്ടായെങ്കിലും നമ്മുടെ തൊട്ടു മുന്‍ തലമുറയുടെ ആ ഭാഗ്യം നമുക്ക്‌ ഇല്ലേയെന്നാണ്‌ എന്‍റെ സംശയം. അതാ കാലഘട്ടത്തിന്‍റെ സാമൂഹികാവസ്ഥയുടെ സ്വഭാവിക പ്രതിഭലനമെന്നോക്കെ സമര്‍ത്‌ഥിക്കാമെങ്കിലും ഇന്നത്തെ ജീവിത സാഹചര്യങ്ങളും തൊഴില്‍ സാഹചര്യങ്ങളും നമ്മുടെ സാമൂഹിക ബന്ധങ്ങളിലുണ്ടാക്കിയിട്ടുള്ള ആ വിള്ളലുകള്‍ നമ്മുടെ സംസ്‌കാരത്തിന്‍റെ പ്രതിബിംബങ്ങളായ ഇത്തരം ഉത്സവങ്ങളിലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നത്‌ പരമാര്‍ത്‌ഥമാണ്‌. എങ്കിലും മലയാളികള്‍ നിലനില്‍ക്കുന്ന കാലത്തോളം മലയാളമുള്ളിടത്തോളം ഓണം നിലനില്‍ക്കുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.. കാലത്തിന്‍റെ കുത്തൊഴുക്കില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടായാലും മനസ്സിന്‍റെ കോണിലെങ്കിലും ഒരു അത്തപ്പൂക്കളം തീര്‍ത്തു കൊണ്ട്‌, ഓര്‍മ്മകളുടെ ഓണസദ്യയുണ്ട്‌ എന്നും മലയാളിയുണ്ടാകും...എന്നും..തീര്‍ച്ച. കാരണം ഓണമില്ലാതെ മലയാളികളില്ല......
എന്‍റെ എല്ലാ മലയാളി സുഹ്രുത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

4 comments:

siva // ശിവ said...

താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

സസ്നേഹം,

ശിവ.

ശ്രീ said...

ഓണക്കുറിപ്പ് നന്നായി.
ഓണാശംസകള്‍

Nikhil Paul said...

ഓണാശംസകള്‍!!
ഓണാശംസകള്‍!!

ഏറനാടന്‍ said...

പൊന്നോണാശംസകള്‍